രാജ്ഭവനിലെ ധൂര്‍ത്ത് അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവറം വേണം ഗവര്‍ണറുടെ കത്ത് പുറത്ത്

2021 സെപ്റ്റംബര്‍ 23-ന് രാജ്ഭവനില്‍നിന്ന് അയച്ചതാണ് കത്ത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥികളായി രാജ്ഭവനില്‍ എത്തുന്നവര്‍ക്ക് സഞ്ചരിക്കാന്‍ ടൂറിസം വകുപ്പിന്റെ മൂന്ന് കാറുകള്‍ ആറുമാസത്തേക്ക് വിട്ടുനല്‍കണമെന്നാണ് ആവശ്യം.

0

തിരുവവന്തപുരം | രാജ്ഭവനിലെ ധൂര്‍ത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ മൂന്ന് ഇന്നോവ കാറുകളും ഡ്രൈവര്‍മാരെയും വിട്ടുനല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് രാജ്ഭവന്‍. പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ധൊഡാവത്ത് നേരത്തെ അയച്ച കത്താണ് പുറത്തുവന്നിട്ടുള്ളത്. കാറുകളും ഡ്രൈവര്‍മാരെയും ആറുമാസത്തേക്ക് അനുവദിക്കണമെന്നാണ് ആവശ്യം. രാജ്ഭവനിലെ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ കത്തടക്കം നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കാറുകളും ഡ്രൈവര്‍മാരെയും ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും പുറത്തുവന്നിട്ടുള്ളത്.

2021 സെപ്റ്റംബര്‍ 23-ന് രാജ്ഭവനില്‍നിന്ന് അയച്ചതാണ് കത്ത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥികളായി രാജ്ഭവനില്‍ എത്തുന്നവര്‍ക്ക് സഞ്ചരിക്കാന്‍ ടൂറിസം വകുപ്പിന്റെ മൂന്ന് കാറുകള്‍ ആറുമാസത്തേക്ക് വിട്ടുനല്‍കണമെന്നാണ് ആവശ്യം. 2021 ഒക്ടോബര്‍ 10 മുതല്‍ 2022 മാര്‍ച്ച് വരെ രാജ്ഭവനില്‍ കൂടുതല്‍ അതിഥികള്‍ എത്തുമെന്നും അവര്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണമെന്നുമാണ് ഗവര്‍ണര്‍ക്കുവേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണറുടെ ഔദ്യോഗിക വാഹനവും അകമ്പടി വാഹനവുമടക്കം സര്‍ക്കാര്‍ ചെലവില്‍ നിരവധി വാഹനങ്ങള്‍ രാജ്ഭവനിലുണ്ട്. അവയ്ക്ക് പുറമെയാണ് മൂന്ന് കാറുകള്‍കൂടി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥി സല്‍ക്കാരത്തിനായി രാജ്ഭവന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഭീമമായ തുക ചെലവഴിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഗവര്‍ണറുടെ അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ ടൂറിസം വകുപ്പിന്റെ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൂടി പുറത്ത് വരുന്നത്.

You might also like

-