നിപ വൈറസ്: അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി ലിനിയുടെ കുടംബത്തെ സർക്കാർ സംരക്ഷയ്ക്കും
തിരുവന്തപുരം : നിപ വൈറസിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ പൊതുതാല്പര്യത്തിന് ഹാനികരമാണെന്നും ഇത്തരം ഭീതിയുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
നിപ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണമെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പരിഭ്രാന്തി പരത്തുന്ന പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്ന് അടിസ്ഥാനമില്ലാത്ത ധാരാളം പോസ്റ്റുകള്‍ വരുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ രണ്ടു മക്കൾക്കും പത്ത് ലക്ഷം രൂപ വീതം സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ്് നാട്ടിൽ ജോലി ചെയ്യാൻ തയാറായാൽ സർക്കാർ സർവീസിൽ നിയമനം നൽകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
കുട്ടികൾക്ക് നൽകുന്ന തുകയിൽ അഞ്ച് ലക്ഷം വീതം സ്ഥിരനിക്ഷേപമായിട്ടാവും നൽകുക. ബാക്കി അഞ്ച് ലക്ഷം വീതം അവരുടെ ചിലവുകൾക്കായി നൽകും. സ്ഥിരനിക്ഷേപമായി നൽകുന്ന തുക കുട്ടികൾ പ്രായപൂർത്തിയാകുന്പോൾ ഉപയോഗിക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു.
നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം സർക്കാർ സഹായധനം നൽകും. വൈറസ് ബാധ പടരുന്നത് തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആവശ്യമായ ജീവനക്കാരെ കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും നിയോഗിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.