സ്വർണക്കടത്ത് കേസ് :ഫൈസൽ ഫരീദിനെ കൈമാറാനുള്ള നടപടി വൈകുന്നു
രണ്ട് രാജ്യങ്ങളുടെയും മേൽനോട്ടത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ധൃതിപിടിച്ചുള്ള ഒരു നീക്കവും വേണ്ടതില്ലെന്നാണ് യുഎഇയുടെ തീരുമാനം
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ വിട്ടുകിട്ടാനുള്ള സമ്മർദം ഇന്ത്യ ശക്തമാക്കിയെങ്കിലും തീരുമാനം കൈക്കൊള്ളാതെ യുഎഇ. വിട്ടുകിട്ടുന്ന പ്രക്രിയ നീണ്ടുപോയാൽ ദുബൈ പൊലീസ് നിരീക്ഷണത്തിൽ തുടരുന്ന ഫൈസലിനെ ചോദ്യം ചെയ്യാൻ യുഎഇയുടെ അനുമതി തേടുന്ന കാര്യവും അന്വേഷണ ഏജൻസികളുടെ പരിഗണനയിലുണ്ട്.രണ്ട് രാജ്യങ്ങളുടെയും മേൽനോട്ടത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ധൃതിപിടിച്ചുള്ള ഒരു നീക്കവും വേണ്ടതില്ലെന്നാണ് യുഎഇയുടെ തീരുമാനം. ഇതിനകം പിടിയിലായ പ്രതികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും കേസിൽ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിനെതിരായ തെളിവുകളും ഇന്ത്യ യുഎഇക്ക് കൈമാറിയിട്ടുണ്ട്. ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കിയ കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് യുഎഇ ഫൈസൽ ഫരീദിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതും.
തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, വ്യാജ രേഖകളുടെ നിർമാണം, കള്ളക്കടത്തിൽ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ ഫൈസൽ ഫരീദിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഗുരുതര സ്വഭാവം കണക്കിലെടുത്ത് ഇന്ത്യ നൽകിയ പരാതിയിൽ എന്ത് തുടർ നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ യുഎഇ ചർച്ച തുടരുകയാണ്.യുഎഇ കോൺസുലേറ്റിലെ അറ്റാഷെ റാശിദ് ഖമീസ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് യുഎഇയിൽ തിരിച്ചെത്തിയത്. അറ്റാഷെയെ യുഎഇ സ്വമേധയാ തിരിച്ചു വിളിച്ചതാണോ എന്ന കാര്യം വ്യക്തമല്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് അൽ ബന്നയും യുഎഇയിൽ തന്നെയാണുള്ളത്.