ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുതിയ പരാതിയുമായി കന്യാസ്ത്രീ, മുളയ്ക്കലിന് സമന്‍സ്
കുറവിലങ്ങാട് പൊലീസ് ജലന്ധറിലെത്തിയാണ് സമന്‍സ് കൈമാറിയത്. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. നവംബര്‍ പതിനൊന്നിന് കോട്ടയം ജില്ലാ സെഷന്‍ കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുതിയ പരാതിയുമായി പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ. തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണിവർ.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതിയുമായി കന്യാസ്ത്രീ എത്തിയത് വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകിയതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ പ്രതിഷേധവുമായി സത്യാഗ്രഹം ആരംഭിച്ചതുമൊക്കെ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മൂന്നാഴ്ചയോളം ജയിലിൽ കഴിഞ്ഞ ഫ്രാങ്കോ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
ഇതോടെയാണ് കന്യാസ്ത്രീ പുതിയ പരാതിയുമായി എത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഫ്രാങ്കോ അനുയായികളുടെ സഹായത്തോടെ യൂട്യൂബ് ചാനലുണ്ടാക്കിയെന്നും ഇതു വഴി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നുമാണ് പരാതി. ബലാത്സംഗക്കേസിലെ ഇരയായ കന്യാസ്ത്രീയ തിരിച്ചറിയാൻ പറ്റുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്. ഇതോടെയാണ് ഇവർ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും സമന്‍സ്. ബിഷപ്പ് ഫ്രാങ്കോ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണ് സമന്‍സ്.കുറവിലങ്ങാട് പൊലീസ് ജലന്ധറിലെത്തിയാണ് സമന്‍സ് കൈമാറിയത്. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. നവംബര്‍ പതിനൊന്നിന് കോട്ടയം ജില്ലാ സെഷന്‍ കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.