“വിദേശഫണ്ട് കയ്യിട്ടുവാരാൻ ആനത്താരകൾ “പശ്ചിമഘട്ടത്തിൽനിന്നും ലക്ഷക്കണക്കിന് കർഷകരെ ചവിട്ടി പുറത്താക്കാൻ വനംവകുപ്പ് നീക്കം
രാജ്യത്താകെ 101 ആന ഇടനാഴികൾ ആണ് ആരംഭിച്ചിരിക്കുന്നത്.ഇതിൻറെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളെ അധിവാസ മേഖലയിൽ നിന്ന് പറിച്ചെറിഞ്ഞ് വരികയാണ്.കൃത്യമായി ആസൂത്രണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.ചെറിയ ഒരു ഇടനാഴി എന്ന് ആണ് ജനവാസ മേഖലകളിൽ ആദ്യം പരിചയപ്പെടുത്തുന്നത്.അവസാനം 10,000 കണക്കിനാളുകളെ കുടിയൊഴിപ്പിച്ച് വഴിയാധാരമാക്കുന്ന പദ്ധതിയായി വിശ്വരൂപം പ്രാപിക്കുകയും ചെയ്യുന്നു.സിഗൂർ ആന ഇടനാഴിയുടെ പേരിൽ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ "മെസനകുടി" എന്ന പട്ടണം തന്നെ ഇല്ലാതായി.
ലേഖകൻ :വി ബി രാജൻ
പരിസ്ഥിസ്നേഹം +വന്യമൃഗ സ്നേഹം = പണസ്‌നേഹം
തൃശൂർ |ബഫർ സോൺ, പരിസ്ഥിതിലോലമേഖല പരിസ്ഥിതി ദുർബല മേഖലതുടങ്ങി പലവിധ പേരുകളിൽ ജന ജീവിതത്തെ നിയന്ത്രിച്ചും പുറന്തള്ളിയും വന മേഖല വിസ്തൃതമാക്കുന്ന പരിപാടിക്ക് പുതിയ മുഖം.ആനത്താരകളും വന്യജീവി ഇടനാഴികളും രാജ്യത്ത് ഉടനീളം സൃഷ്ടിച്ച് വനവിസ്തൃതികൂട്ടുകയാണ് ലക്ഷ്യം.ലക്ഷക്കണക്കിന് ആളുകളാണ് വനം വകുപ്പിന്റെ കയ്യേറ്റത്തിൽ ജീവിതം മുടിഞ്ഞ് പെരുവഴിയിൽ ആയി കൊണ്ടിരിക്കുന്നത്.അതിൽ ഏറ്റവും ഒടുവിലത്തെ സംഭവം ചിന്നക്കനാലിൽ പുറത്തുവന്നിരിക്കുകയാണ്.
ചിന്നക്കനാലിൽ ഇനി ഒന്നും മറനീക്കി പുറത്തു വരാനില്ല. മതികെട്ടാൻ വന്യജീവി കേന്ദ്രത്തിന്റെ ഭാഗമായി തീർന്ന ശാന്തൻപാറ പഞ്ചായത്തിന്റെ ജനജീവിതത്തെ വിഴുങ്ങിയത് പോലെ ചിന്നക്കനാൽ പഞ്ചായത്ത് ആകെ ആന താരയുടെയും ആന സംരക്ഷണ കേന്ദ്രത്തിന്റെയും പരിധിയിൽ പെട്ടു കഴിഞ്ഞു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ മറപിടിച്ച് 4000 ഏക്കർ വരുന്ന സങ്കേതം വനം വകുപ്പ് രൂപകല്പന ചെയ്തു വച്ചിരുന്നത് പുറത്തെടുത്തു കഴിഞ്ഞു. വൈകാതെ ഇതിന്റെ ചുറ്റിലും ഉള്ള പ്രദേശങ്ങൾ വന്യജീവി കേന്ദ്രത്തിന്റെ ബഫർ സോൺ ആയി പ്രഖ്യാപിച്ച് എപ്പോൾ വേണമെങ്കിലും ഏറ്റെടുക്കുവാനും കഴിയും.
ചിന്നക്കനാലിലെ ആദിവാസി പുനരധിവാസമായിരുന്നു വനംവകുപ്പിന്റെ പദ്ധതിയിലെ ആദ്യ തടസ്സം. 22 വർഷം പഴക്കമുള്ള പുനരധിവാസ ഭൂമി ആന സങ്കേതത്തിന്റെ പരിധിയിൽ പെട്ടിരിക്കുകയാണ്.റീ ബിൽഡ് കേരള പദ്ധതിയിൽ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റി ഭൂമി വനംവകുപ്പിനെ കൈമാറി ഒഴിഞ്ഞു പോകാൻ ആദിവാസികളെ നിർബന്ധിക്കുകയാണ് ഇപ്പോൾ .ഇതിനായി ചില ആദിവാസികളെ വനംവകുപ്പ് കയ്യിൽ എടുത്തിട്ടുണ്ട്.ഇവരുടെ മക്കൾക്കും മരുമക്കൾക്കും ആദിവാസി ക്വാട്ടായിൽ വനംവകുപ്പിൽ നിയമനം നൽകുന്നുണ്ട്. ഭൂമി വിട്ടു കൊടുത്താൽ ജോലിനൽകാമെന്ന പ്രലോഭനവുമായി ഉദ്യോഗസ്ഥരും അവരുടെ ചാക്കിൽ കയറിയ ആദിവാസികളും രംഗത്തുണ്ട്.
2002ലാണ് ചിന്നക്കനാലിൽ ആദിവാസികൾക്ക് ഭൂമി നൽകി 566 കുടുംബങ്ങളെ കുടിയിരുത്തിയത്.അഞ്ചേക്കർ വീതം കൃഷിയോഗ്യമായ ഭൂമി നൽകാമെന്ന് സംസ്ഥാന സർക്കാർ ആദിവാസി നേതാക്കളുമായി കരാർ വച്ചിരുന്നു. എല്ലാ വില്ലേജുകളിലും ലഭ്യമായ ഭൂമിയുടെ വിവരം തേടി കളക്ടർമാർ ഉത്തരവിട്ടെങ്കിലും ഒരിടത്തുനിന്നും ഭൂമിയുള്ളതായി റിപ്പോർട്ട് ലഭിച്ചില്ല.ഒടുവിൽ മറയൂരിൽ ഭൂമി കണ്ടെത്തി അഞ്ചേക്കർ വീതം വിതരണം ചെയ്തു.കൃഷി യോഗ്യമല്ലാത്തതിനാൽ ആദിവാസികൾ അത് വേണ്ടെന്നു പറഞ്ഞു.ഇതിനിടയിലാണ് ചിന്നക്കനാലിൽ ഭൂമിയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ചിന്നക്കനാൽ വില്ലേജ് മുഴുവൻ റവന്യൂ ഭൂമിയാണ്.എന്നാൽ വനം വകുപ്പ്19 60കളുടെ അവസാനത്തിൽ ഈ പ്രദേശത്തെ കണ്ണു വെക്കുകയും കയ്യേറ്റം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.വനം വകുപ്പിന്റെ ഭൂമിയാണ് എന്ന മട്ടിലാണ് ഇവിടത്തെ കർഷക സമൂഹത്തോട് വനം വകുപ്പ് പെരുമാറിയത്.നിരവധി കർഷകരുടെ വീടുകൾ കത്തിച്ചു കളഞ്ഞ് അവരെ കുടിയൊഴിപ്പിച്ചു മുന്നേറി.നിരവധി ഫോറസ്റ്റ് കേസുകൾ രജിസ്റ്റർ ചെയ്തു.ഇതിനിടയിൽ വനം വകുപ്പും വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് കമ്പനിയും തമ്മിൽ 5600 ഏക്കർ ഭൂമി യുക്കാലി വച്ചുപിടിപ്പിക്കുന്നത് നൽകാമെന്ന് കരാർ ഉണ്ടാക്കി.എവിടെയാണ് ഈ ഭൂമിയെന്ന് കരാറിൽ പറഞ്ഞിട്ടില്ല.എന്നാൽ ഇതിൽ നല്ല പങ്കും റവന്യൂഭൂമി കയ്യേറി ഉണ്ടാക്കുകയാണ് ചെയ്തത്.മൂന്നാറിലും വട്ടവടയിലും ആയി വനം വകുപ്പ് റവന്യൂഭൂമി പിടിച്ചെടുത്ത് യൂക്കാലി കൃഷി ചെയ്തു .ബാക്കി ഭൂമി ചിന്നക്കനാലിലും കണ്ടെത്തി.യൂക്കാലി കൃഷിയുടെ കരാർ എടുത്തിരുന്ന സ്വകാര്യ വ്യക്തികൾ റവന്യൂ ഉദ്യോഗസ്ഥർക്ക് പാരിതോഷികങ്ങൾ നൽകി കയ്യേറ്റത്തിന് സൗകര്യമൊരുക്കി എന്നാണ് വിവരം. ഈ കാലയളവിൽ ന്യൂസ് പ്രിന്റ് കമ്പനിയുടെയും വനം വകുപ്പിന്റേയും േകാൺട്രാക്ടർമാരായി പ്രവർത്തിച്ചവർ ഇവിടെയെല്ലാം വൻതോതിൽ ഭൂമി സമ്പാദിക്കുകയും ചെയ്തു.
ചിന്നക്കനാലിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജനസംസ്കാരം
ചിന്നക്കനാൽ വളരെ പഴയ ജനാധിവാസ മേഖലയാണ്.ബ്രിട്ടീഷ് കാലഘട്ടത്തിൽ തന്നെ ഇവിടെ നൂറുകണക്കിന് ആളുകൾക്ക് പട്ടയങ്ങൾ ഉണ്ടായിരുന്നു.ചെമ്പകത്തൊഴു , പച്ചപ്പുൽകൂടി എന്നീ മുതുവാ ആദിവാസി സങ്കേതങ്ങൾക്ക് 750 വർഷത്തിന്റെ പഴക്കമാണ് ഉള്ളത്.
ഹൈറേഞ്ച് പ്രദേശങ്ങൾ ബ്രിട്ടീഷുകാരുടെ കണ്ണിൽ പെടുവാൻ ഇടയാക്കിയത് ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്.ടിപ്പു വൻ പടയുമായി മലബാർ കൊച്ചി ആക്രമണത്തിന് ശേഷം തിരുവിതാംകൂറിന്റെ ലക്ഷ്യമിട്ട് ആലുവയിൽ തമ്പടിച്ചു. (ഡിസംബർ 1751 – 4 മെയ് 1799 ) ഹൈറേഞ്ചിൽ അതിശക്തമായി മഴ പെയ്തതിനെ തുടർന്ന് പെരിയാറിൽ വെള്ളം പൊങ്ങി.ആനകളും പീരങ്കികളുമായി പെരിയാർ കടക്കാനാവാതെ ടിപ്പു ആലുവയിൽ തങ്ങി.ഇരുപതാംകൂറിനെ സംരക്ഷിക്കുവാനായി കോയമ്പത്തൂരിൽ നിന്നും പുറപ്പെട്ട് ബ്രിട്ടീഷ് സൈന്യം ബോഡി മെട്ടിൽ എത്തി.ശ്രീരംഗപട്ടണം ബ്രിട്ടീഷുകാർ ആക്രമിച്ച വിവരമറിഞ്ഞ് ടിപ്പു ആലുവയിൽ നിന്നും മടങ്ങി.എന്നാൽ ബ്രിട്ടീഷ് സൈന്യം വഴി മാറ്റി ചിന്നക്കനാൽ – ദേവികുളം -മൂന്നാർ വഴി മറയൂരിലൂടെ ആണ് കോയമ്പത്തൂരിലേക്ക് മടങ്ങിയതു്. ആ സൈനിക വിവരണങ്ങളിൽ ചിന്നക്കനാലിലേയും മൂന്നാർ മലകളിലെയും ജനവാസത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്.
അഞ്ചു നാടുകളും എട്ടു ഊരുകളും അടങ്ങിയ കണ്ണൻ ദേവൻ തമിഴ് ഗ്രാമങ്ങളെപ്പറ്റി ഉള്ള വിവരണവും ഇതിൽപ്പെടുന്നു.ഈ വിവരണങ്ങൾ വായിച്ച് ബ്രിട്ടീഷ് പ്ലാന്റർമാർദേവികുളം -പീരുമേട് താലൂക്കുകളിൽ തോട്ടംവ്യവസായത്തിന് തുടക്കമിട്ടു.അന്നത്തെ ഏറ്റവും പരിഷ്കൃതമായ പട്ടണങ്ങൾ ഹൈറേഞ്ചിൽ നിലവിൽ വന്നു.അതിൽ ഒന്ന് ചിന്നക്കനാൽ ആയിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ അവിടെ മലയാളി കർഷകസമൂഹം നിലവിൽ വന്നു.80കളിലും 90കളിലും ഈ കർഷക സമൂഹത്തെ വനം വകുപ്പ് കുടിയൊഴിപ്പിച്ച് യൂക്കാലി കൃഷിക്കായി ഭൂമി പിടിച്ചെടുക്കുകയായിരുന്നു. ഈ അതിക്രമത്തെ അതിജീവിച്ച് അവിടെ അവശേഷിച്ച കൃഷിക്കാർക്ക് പട്ടയം അടക്കംഅവകാശങ്ങൾ എന്നും നിഷേധിച്ചിരുന്നു.മുഴുവൻ റവന്യൂ ഭൂമി ആയിരുന്നിട്ടും വനംവകുപ്പിന്റെ എതിർപ്പ് മൂലമാണ് സമീപകാലത്ത് നടന്ന പട്ടയ നടപടിയിലും ഈ കൃഷിക്കാർക്ക് പട്ടയം നിഷേധിക്കപ്പെട്ടു.അതേസമയം മറുപുറത്ത് പട്ടയം കിട്ടി കുടിപ്പാർപ്പ് ആരംഭിച്ച ആദിവാസികളുടെ പുനരധിവാസംതകർക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുന്നതിൽ വനം വകുപ്പ് കഴിയാവുന്ന ഉടക്ക് ഇട്ടു എങ്കിലുംആൻറണി സർക്കാർ അത് അവഗണിച്ചു.കാരണം മുത്തങ്ങ അടക്കമുള്ള സമരങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസികളുമായി കരാർ ഉണ്ടാക്കിയ സർക്കാരിന് ഒരിടത്ത് പോലും ഭൂമി വിതരണം ചെയ്യാൻ കഴിയാതെ വന്ന തിരിച്ചടി എങ്ങനെയും അതിജീവിക്കണമായിരുന്നു.
ചിന്നക്കനാലിലെ ഭൂമി റവന്യൂ ഭൂമിയാണെന്ന വിവരം ജനങ്ങളിൽ നിന്നും മറച്ചുവച്ചിരുന്ന വനംവകുപ്പിന്റെ കള്ളത്തരം പൊളിച്ചത് അവിടെ വില്ലേജ് അസിസ്റ്റൻറ് ആയിരുന്ന സ്റ്റുവർട്ട് എന്ന ജീവനക്കാരൻ ആയിരുന്നു.വില്ലേജ് ഓഫീസർ ചുവട്ടിലെ ചാർജ് നൽകി പോയ ദിവസങ്ങളിൽ റവന്യൂ രേഖകൾ പരിശോധിച്ചു ലഭ്യമായ റവന്യൂ ഭൂമിയുടെ വിവരം സ്റ്റുവർട്ട് റിപ്പോർട്ട് ചെയ്തു.എവിടെനിന്നെങ്കിലും ഇത്തരം ഒരു റിപ്പോർട്ട് കാത്തിരുന്ന സർക്കാർ ഉടൻതന്നെ ഭൂമി അളന്നു തിരിക്കാൻ ഉത്തരവിട്ടു.വനം വകുപ്പ് തൽക്കാലം പത്തി മടക്കി അവസരത്തിന് കാത്തിരുന്നു.
റവന്യൂ ഭൂമിയാണെന്ന് സത്യം പുറത്തുവിട്ട വില്ലേജ് അസിസ്റ്റൻറ് നോടുള്ള പക തീർത്തത് സ്റ്റുവർട്ടിന് എതിരെ വന നിയമപ്രകാരം കേസ് എടുത്ത് റെയിഞ്ച് ഓഫീസിൽ കൊണ്ടുപോയി മർദ്ദിച്ച് കൊണ്ടായിരുന്നു.അധികകാലം ഈ ഭൂമി ആദിവാസികളുടെ കയ്യിൽ നിൽക്കുകയില്ല എന്ന് അന്ന് ഉദ്യോഗസ്ഥർ ആദിവാസി സംഘടന നേതാക്കളോട് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഭൂമി വിതരണം കഴിഞ്ഞ ഉടനെ തന്നെ പക തീർക്കൽആരംഭിച്ചു.പട്ടയഭൂമി ആയിട്ടും കൃഷി ഇറക്കാൻ ആദിവാസികളെ അനുവദിച്ചില്ല.നട്ടുപിടിപ്പിച്ച യൂക്കാലിയും മറ്റും ഭൂമിയിൽ ഉണ്ട് എന്ന് കാരണം പറഞ്ഞായിരുന്നു നീക്കം.എന്നാൽ മരം മുറിച്ചു കൊണ്ടു പോകാനും തയ്യാറായില്ല. മുറിച്ചു നീക്കാൻ ആദിവാസികളെ അനുവദിച്ചതുമില്ല. കിട്ടിയ ഭൂമിയിൽ ഒരു തുമ്പ കിളയ്ക്കാൻ പോലും കഴിയാതെ ആദിവാസികൾ വലഞ്ഞു.വൈദ്യുതി ലൈൻ വലിക്കാൻ തടസ്സമിട്ടു. വീട് വെക്കുന്നതിനും റോഡ് വെട്ടുന്നതിനും തടസ്സങ്ങളുമായി വന്നു.അന്ന് ആനയുടെ ശല്യം കാര്യമായി ഉണ്ടായിരുന്നില്ല.ആനകളെ ആ മേഖലയിൽ ആകർഷിച്ചു നിർത്തുന്നതിനുള്ള പരിപാടികൾ വൈകാതെ ആരംഭിച്ചു.രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ആനകൾ ആദിവാസികളെ ആക്രമിക്കുന്ന സ്ഥിതിയിലായി.വീടുകൾ തകർത്തു. ആളെക്കൊന്നു.22 വർഷം കഴിഞ്ഞപ്പോൾ ആരും അറിയാതെ ആ പ്രദേശം ആനകളുടെ സങ്കേതമാക്കി പ്രോജക്ട് ഉണ്ടാക്കി.ആനയും ആന സങ്കേതവും രഹസ്യമായി നിലവിൽ വന്നു.അരിക്കൊമ്പൻകേസിൽ രേഖകൾ കോടതിയിലും എത്തി.
പെരിയാർ വന്യജീവി സങ്കേതം മുതൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് ഒരു കിലോമീറ്റർ വീതിയിൽ ഇരവികുളം നാഷണൽ പാർക്ക് വരെ നീളുന്നതാണ് ആനത്താര പദ്ധതി. മതികെട്ടാനും ചിന്നക്കനാലും ഇടത്താവളങ്ങൾ ആയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ ആണ് ഈ പദ്ധതിയിൽ .ഇതിന് മുന്നോടിയായി ആണ് റവന്യൂ വകുപ്പിനെ കൊണ്ട് എട്ടു വില്ലേജുകളിൽ നിർമ്മാണം നിരോധനം ഏർപ്പെടുത്തിയത്.
കാട്ടാനയെ ഉപയോഗിച്ച് തള്ളി നിൽക്കുന്ന തന്ത്രമാണ് ചിന്നക്കനാരിലും പരിസരത്തും വനം വകുപ്പ് പയറ്റിയത്.കൃഷി നശിപ്പിച്ചതും വീടുതകർത്തതും ആളെ കൊന്നതും എല്ലാം ആനയുടെ അധിവാസ മേഖലയാണെന്ന് സ്ഥാപിക്കുവാനുള്ള തെളിവുകൾ ആക്കി മാറ്റി .ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയെ കൊണ്ട് തന്നെ ആനപ്പാർക്കും പദ്ധതിയും പ്രഖ്യാപിപ്പിച്ചു.
ജനവാസത്തെ കൊന്നുമുടിക്കാൻ ആനത്താരകൾ
രാജ്യത്ത് ആകെ 88 ആന ഇടനാഴികൾ ആണ് ആദ്യം പ്ലാൻ ചെയ്തിരുന്നത്.ഹിമാലയം, വടക്കുകിഴക്കൻ മേഖല, പൂർവ്വഘട്ടം, പശ്ചിമഘട്ടം എന്നിവിടങ്ങളിൽ ആയാണ് ഈ ഇടനാഴികൾ.ആനകൾ ഒരു വനമേഖലയിൽ നിന്ന് മറ്റൊരു ഇടത്തേക്ക് പോകുന്നതിന് വർഷങ്ങളായി ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന പ്രദേശങ്ങളെ കൂട്ടിയിണക്കുന്നതാണ് ഈ പദ്ധതി.
ഇതിൻറെ രൂപ രേഖ തയ്യാറാക്കുന്നത് വിദേശ സംഘടനകളും സ്ഥാപനങ്ങളും ചേർന്നാണ്.വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന ട്രസ്റ്റിന്റെ മറവിലാണ് വന്യജീവി ഇടനാഴി പദ്ധതി മുഴുവൻ രൂപകൽപ്പന ചെയ്യപ്പെടുന്നത്.കേന്ദ്ര വന മന്ത്രാലയത്തിന്റെ പ്രതിനിധി ഇതിൽ ഉണ്ട് .ബാക്കി എല്ലാവരും തന്നെ വിദേശത്തോ സ്വദേശത്തോ ഉള്ള സംഘടനകളും സ്ഥാപനങ്ങളും ആണ് .ഇൻറർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ ,ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ,ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ലെതർലാൻഡ് ശാഖ,വേൾഡ് ലാൻഡ് ട്രസ്റ്റ് ,എലഫന്റ് ഫാമിലി ,എന്നിവരും ഏതാനും “ശാസ്ത്രജ്ഞരു “മാണ് ട്രസ്റ്റിലുള്ളത്.ആനത്താരകൾ പുനസൃഷ്ടിക്കുമ്പോൾ ഏതുവിധത്തിൽ ജനവാസത്തെ ഒഴിപ്പിക്കണം എന്നുവരെ ഈ ട്രസ്റ്റ് ആണ് മാർഗനിർദേശം നൽകുന്നത്.
ജനവാസ മേഖലകളെയും ആന സങ്കേതമായി പ്രഖ്യാപിക്കുകയാണ് ഒന്നാം ഘട്ടം. വന്യജീവി സങ്കേതത്തിനുള്ളിൽ പട്ടയത്തിനും കുടികിടപ്പിനും വ്യവസായത്തിനും കച്ചവടത്തിനുമൊന്നും നിയമ സാധ്യത ഇല്ലാതാവും .രണ്ടാംഘട്ടമായി പണം കൊടുത്തോ അല്ലാതെയോ ഇവരെ പുറന്തള്ളുന്നു.തർക്കം ഉന്നയിക്കുന്നവർ കോടതിയിൽ പോകും.അപ്പോഴാണ് ഇത് വന്യജീവി സങ്കേതമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന വിവരം അറിയുന്നത്.
ഈ പുറന്തള്ളലിന് കേരളത്തിൽ റി ബിൽഡ് കേരള എന്ന പദ്ധതിയാണ് മറയായി ഉപയോഗിക്കുന്നത്.ലണ്ടനിൽ മസാല ബോണ്ട വിറ്റും മറ്റും സമാഹരിച്ച പണം ഉപയോഗപ്പെടുത്തി 15 ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നൽകി അവരെ പറഞ്ഞു വിടുന്ന പരിപാടിയാണ് കേരളത്തിൽ നടന്നു വരുന്നത്.വന്യജീവികളെ നിയന്ത്രിക്കാതെ ജനവാസ മേഖലകളിലേക്ക് സഞ്ചരിക്കുവാൻ അനുവദിക്കുകയും അതുമൂലം കൃഷിയും കച്ചവടവും അസാധ്യമാക്കുകയാണ് ഉണ്ടായത്. ഭൂമിക്ക് തീരെ വിലയില്ലാതാവുകയും വാസയോഗ്യമല്ലാതായി മാറുകയുംചെയ്തതോടെ കിട്ടുന്ന നഷ്ടപരിഹാരം വാങ്ങി ഒഴിഞ്ഞു പോകാൻ നിർബന്ധിക്കപ്പെടുകയാണ് കർഷകർ. ഇതിൻറെ ആദ്യപടി. ഒടുവിൽ 15 ലക്ഷം രൂപ കൊടുത്ത് വനം വകുപ്പ് ഭൂമി വാങ്ങി വന്യജീവിസങ്കേതമായോ വനമായോ പ്രഖ്യാപിക്കുന്നു.പൗരനെ പണയം വെച്ച് പലിശയ്ക്ക് കടമെടുത്ത കാശു ഉപയോഗിച്ച് ആണ് ഇത് നിർവഹിക്കപ്പെടുന്നത്.ഈ മോഡൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടേതാണ്.ഇന്ത്യ മുഴുവൻ നടപ്പാക്കുവാൻ ആയി അവർ വികസിപ്പിച്ച ഒഴിപ്പിക്കൽ മാതൃകയാണത്.അതാണ് 22 വർഷമായി ആദിവാസികളുടെ നേരെ വനം വകുപ്പ് പ്രയോഗിച്ചുകൊണ്ടിരുന്നതും ഇപ്പോൾ വിജയിപ്പിച്ചതും.
പശ്ചിമഘട്ടവും വിദേശപണവും കാർബൺ ട്രെഡും
ഇന്ത്യയിലെ വനമേഖലയിൽ വിദേശ സംഘടനകൾ നിയന്ത്രണം നേടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.വൈൽഡ് ലൈഫ് ട്രസ്റ്റ് ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ ഇവരുടേതാണ്. വിദേശ സംഘടനകൾക്ക് പിന്നിൽ കാർബൺ ഫണ്ടിന്റെയും കാർബൺ ക്രെഡിറ്റിന്റേയും താല്പര്യങ്ങളുള്ള ബഹിരാഷ്ട്ര കുത്തകകൾ ഉണ്ട് .ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്ത് ഉണ്ടായിരിക്കുന്ന നിയന്ത്രണങ്ങളാണ് ഈ വിധത്തിൽ ഇടപെടുവാൻ കുത്തക കമ്പനികളെ നിർബന്ധിക്കുന്നത്.
ആഗോളതാപനത്തിന് ഇടയാക്കുന്ന വാതകങ്ങൾ (Greenhouse gas emissions )പുറത്തുവിടുന്ന കമ്പനികൾക്ക് അവർ സൃഷ്ടിക്കുന്ന വാതകത്തിന് തുല്യമായ അളവ് കാർബൺ ഡയോക്സൈഡ് തിരിച്ചു വലിച്ചു എടുക്കുന്ന പ്രവർത്തനം സംഘടിപ്പിച്ചേ മതിയാവുകയുള്ളൂ.മരങ്ങൾ വളർത്തുന്നതിലൂടെ ആണ് ഇത് സാധിക്കേണ്ടത്.ലോകത്താകട്ടെ ഉഷ്ണമേഖല മഴക്കാടുകളാണ് ഈ വിധത്തിൽ ഉള്ളത്.അതാകട്ടെ അധികം പ്രദേശത്ത് ഇല്ല .ഇന്ത്യയിൽ മരങ്ങൾ വളരുന്ന എല്ലാ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ഇത്തരം കുത്തക കമ്പനികൾ നീക്കം ആരംഭിച്ചിട്ടുണ്ട്.
ഏതെങ്കിലും വിധത്തിൽ വനം വകുപ്പുമായി പങ്കാളിത്തം ഉണ്ടാക്കുവാനാണ് അവർ മത്സരിക്കുന്നത്.വനം വകുപ്പുമായി ചേർന്ന് വനം സംരക്ഷിക്കുന്ന പ്രവർത്തനത്തിൽ പണം മുടക്കുകയാണ് ഇവരുടെ ലക്ഷ്യം. പണം മുടക്കി വന്നസംരക്ഷണത്തിൽ പങ്കാളിയാവുന്നതോടെ അത്രയും വനം വലിച്ചെടുക്കുന്ന കാർബൺഡയോക്സൈഡിന്റെ തുല്യ അളവ് ക പുറത്തുവിടുന്ന പ്രവർത്തനം ( Emissions Trading ) അവരുടെ നാടുകളിൽ സംഘടിപ്പിക്കുവാനും അത്തരം ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും കഴിയും.അതിനെ കഴിഞ്ഞില്ലെങ്കിൽ വിപണിയിൽ നിന്ന് ഉൽപ്പന്നവുമായി തിരികെ പോവുക മാത്രമേ അവർക്ക് മുമ്പിൽ വഴിയുള്ളൂ.അതായത് ഒരുപാട് കുത്തക കമ്പനികൾആഗോളതാപനത്തിന്റെ പേരിൽ പൂട്ടിക്കെട്ടിയെ മതിയാവുകയുള്ളൂ.കൂട്ടാതിരിക്കണമെങ്കിൽ മഴക്കാടുകൾ ഉള്ള രാജ്യങ്ങളിലെ വനം വകുപ്പുമായി കൈകോർത്തേ മതിയാവൂ.ലോകത്ത് എവിടെയും ഉള്ള വനപ്രദേശങ്ങളിലേക്ക് ഇത്തരം കുത്തക കമ്പനികൾ പാഞ്ഞുകൊണ്ടിരിക്കുന്നതു് ജീവൻ രക്ഷിക്കാൻ വേണ്ടിയാണ്.അവരുടെ താൽപര്യങ്ങൾ നടപ്പാക്കി എടുക്കുന്നതിന് വിദേശ സംഘടനകളെയാണ് നിയോഗിച്ചിരിക്കുന്നത്.
വൈൽഡ് ലൈഫ് ട്രസ്റ്റ് അടക്കം സ്ഥാപനങ്ങൾ പേരിൽ മാത്രമാണ് ഇന്ത്യൻ ആകുന്നത്. വിദേശ സംഘടനകളുംഅവരുടെ താൽപര്യങ്ങളുടെ കൈമണിക്കാരായ ഇന്ത്യൻ ഗവേഷകരും ആണ്ഇത്തരം ട്രസ്റ്റുകളിലും സംഘടനകളിലും വിദഗ്ധസമിതികളിലും ഉള്ളത്.അവരുടെ കണ്ടെത്തലുകളും റിപ്പോർട്ടുകളും സർക്കാരും കോടതികളും വരെ ആധികാരിക രേഖകളായി സ്വീകരിക്കുകയും തീരുമാനങ്ങൾ അതിന്റെ അടിസ്ഥാനത്തിൽ എടുക്കുകയും ചെയ്തു വരികയാണ്. ട്രസ്റ്റിൽ ആകെ .ഇവർ ഉണ്ടാക്കുന്ന പദ്ധതികൾ പുതിയ കോളനി കാലത്തിന്റെ തുടക്കമാണെന്ന് മാധ്യമങ്ങളോ രാഷ്ട്രീയപാർട്ടികളോ പൊതുജനങ്ങളോ അറിയുന്നില്ല.
ഗവിയിൽ 800 ഹെക്ടർ പ്രദേശം വനം വകുപ്പുമായി ചേർന്ന് സംരക്ഷിക്കുന്ന പദ്ധതിയുമായി മുന്നോട്ടുവന്നത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ്.ആ പരിപാടി തൽക്കാലം ഫ്രീസറിൽ വെച്ചിരിക്കുകയാണ്.പരിസ്ഥിതി ലോല മേഖല നോട്ടിഫിക്കേഷന്‍,ബദർ സോണിന്റെ പേരിലുള്ള വിവാദങ്ങളും പ്രക്ഷോഭങ്ങളും , ചിന്നക്കനാലിലെ ആന സങ്കേതം പോലുള്ള ഒഴിപ്പിക്കൽ നടപടികൾ ഇവയെല്ലാം കത്തിനിൽക്കുന്നതിനിടെ ഒരു വിദേശ കമ്പനിയുമായി വനസംരക്ഷണം പങ്കുവയ്ക്കുന്നത് തിരിച്ചടിയാകും എന്ന് കരുതി തൽക്കാലം പിൻവാങ്ങിയിരിക്കുകയാണ്.കൂടുതൽ വനഭൂമി സൃഷ്ടിക്കുകയും അതിൽ പങ്കാളിത്തം നേടുകയും ആണ് വിദേശ കുത്തകരുടെ സംബന്ധിച്ച് അതിജീവനത്തിനുള്ള മാർഗം.ഇവരുടെയൊക്കെ താല്പര്യ പ്രകാരമാണ് ആനത്താരകളും ആന സങ്കേതങ്ങളും സൃഷ്ടിക്കപ്പെടുന്നത്.ആനയോടും പ്രകൃതിയോടുമല്ല സ്നേഹം . ബഹുരാഷ്ട കമ്പനികളുടെ നിലനിൽപ്പ് മാത്രമാണ് ലക്ഷ്യം.ആനയെ ഉപയോഗിച്ച് മനുഷ്യരെ പുറന്തള്ളുന്നു.ആനത്താരയും ആന സങ്കേതങ്ങളും സൃഷ്ടിക്കുന്നു.അവയുടെ സംരക്ഷകരായി പണം മുടക്കി ബഹുരാഷ്ട്ര കമ്പനികൾ രംഗത്ത് വരുന്നു.അവർ സംരക്ഷിക്കുന്ന വനത്തിന്റെ അളവിന് ആനുപാതികമായി വ്യവസായം നടത്തിക്കൊണ്ടു പോകാനുള്ള ലൈസൻസ് യൂറോപ്പിലും അമേരിക്കയിലും മറ്റും അവർ തരപ്പെടുന്നു.മസനഗുഡിയിലും ചിന്നക്കനാലിലും കാണുന്നത് അതു തന്നെയാണ്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉണ്ടായി വന്ന പുതിയ നിയന്ത്രണങ്ങളും സാമ്പത്തിക സാഹചര്യവും ചേർന്ന് സൃഷ്ടിച്ചിരിക്കുന്ന അവസ്ഥ ഗുരുതരമായ മാനുഷിക പ്രതിസന്ധിയുടേതാണ്.ലക്ഷക്കണക്കിന് മനുഷ്യരെ അവരുടെ മണ്ണിൽ നിന്ന് തെരുവിലേക്ക് വലിച്ചെറിയുന്നതാണ് കാഴ്ച .കോടതികൾ അടക്കം വന വന്യജീവി സംരക്ഷണ നിയമങ്ങളുടെ പേരിൽ മനുഷ്യരെ അവഗണിക്കുന്നു.ജീവിക്കുവാനുള്ള അവകാശം ഭരണഘടനയുടെ ഇരുപതാം ആർട്ടിക്കിളിൽ ഉറപ്പുനൽകുന്നു .തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം ആർട്ടിക്കിൾ 19ളും ഉറപ്പുനൽകുന്നു.ഇതുരണ്ടും ഒരാളിൽ നിന്ന് ഒരു സാഹചര്യത്തിലും എടുത്തുമാറ്റാൻ പാടില്ലാത്ത മൗലിക അവകാശമായി പ്രഖ്യാപിക്കുന്ന ഭരണഘടനയുള്ള നാട്ടിൽ ആണ് 22 വർഷമായി ജീവിച്ചിരുന്ന പട്ടയ ഭൂമി ഉപേക്ഷിച്ചു പോകുവാൻ ചിന്നക്കനാലിൽ ആദിവാസികൾ നിർബന്ധിക്കപ്പെടുന്നത്