നിറവ് മോദിയെ രക്ഷിക്കാൻ തട്ടിപ്പുരേഖകൾ തീയിട്ടു നശിപ്പിച്ചു
മുംബൈ: കോടികളുടെ ബാങ്ക് തട്ടിപ്പുകാരൻ നീരവ് മോദിയുമായി ബന്ധപ്പെട്ട സാമ്പത്തിക രേഖകൾ “ദുരൂഹസാഹചര്യത്തിൽ’ നശിച്ചതായി റിപ്പോർട്ട്. ദക്ഷിണ മുംബൈയിലെ ബല്ലാഡ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ആദായനികുതി ഓഫീസിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ രേഖകൾ കത്തിനശിച്ചതായാണു റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് ഓഫീസിൽ തീപിടിത്തമുണ്ടായത്. അഗ്നിശമന സേന ലെവൽ 4 തീപിടിത്തമായി വിലയിരുത്തിയ തീപിടിത്തത്തിൽ വൻ നാശനഷ്ടമുണ്ടായി. തീപിടിച്ച ഓഫീസിനുള്ളിൽ കുടുങ്ങിയ ഏഴു പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ടോടെയാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. തീപിടിത്തമുണ്ടായ കെട്ടിടത്തിനുള്ളിൽ സ്ഥിതി ചെയ്തിരുന്ന ആദായനികുതി ഓഫീസും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ ഓഫീസും പൂർണമായി കത്തിനശിച്ചു.
ശനിയാഴ്ച വൈകിട്ട് മാത്രമാണ് ഉദ്യോഗസ്ഥർക്ക് ഓഫീസിന് അകത്തുകടക്കാൻ കഴിഞ്ഞത്. നാശനഷ്ടം പൂർണമായി തിട്ടപ്പെടുത്തിയിട്ടില്ല. ആദായനികുതി ഓഫീസിൽനിന്ന് ആരംഭിച്ച തീപിടിത്തം മറ്റ് ഓഫീസുകളിലേക്കു പടരുകയായിരുന്നെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
നീരവ് മോദി, മെഹുൽ ചോക്സി, എസ്സാർ ഗ്രൂപ്പ് എന്നിവരുമായി ബന്ധപ്പെട്ട രേഖകൾ ഈ ഓഫീസിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ രേഖകൾ നശിച്ചതായാണു സൂചന. തീപിടിത്തം കരുതിക്കൂട്ടിയുള്ളതാണെന്നും രേഖകൾ നശിപ്പിക്കപ്പെട്ടതായും വിവരാവകാശ പ്രവർത്തകൻ അനിൽ ഗൽഗലി ആരോപിച്ചു.
ഇന്ത്യൻ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്. മാർച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗിൽ നിരവധി സ്ഥാപനങ്ങൾ മോദിയുടേതായിട്ടുണ്ട്. ഇതേത്തുടർന്ന് മോദിയെ പിടികൂടാൻ സർക്കാർ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ മോദി ലണ്ടനിലേക്കു കടന്നു. അവിടെനിന്ന് അമേരിക്കയിലേക്കും കടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.