ബ്രോഡ് വേ മാര്‍ക്കറ്റില്‍ തീപിടുത്തം
അഗ്നിബാധയെ തുടര്‍ന്ന് ചുറ്റുവട്ടത്തുള്ള എല്ലാ കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.
കൊച്ചി: ബ്രോഡ് വേ മാര്‍ക്കറ്റില്‍ തീപിടുത്തം. ബ്രോഡ് വേ മാര്‍ക്കറ്റിലെ ഒരു വസ്ത്രകടയില്‍ നിന്നും തുടങ്ങിയ അഗ്നിബാധ നിമിഷ നേരം കൊണ്ട് കൂടുതല്‍ കടകളിലേക്ക് പടരുകയായിരുന്നു. അഗ്നിബാധയെ തുടര്‍ന്ന് ചുറ്റുവട്ടത്തുള്ള എല്ലാ കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. കൊച്ചി നഗരത്തിലേത് ഭാഗത്ത് നിന്നും നോക്കിയാലും ബ്രോഡ് വേയില്‍ നിന്നുള്ള പുക കാണുന്ന അവസ്ഥയാണ്.രാവിലെ പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
ബ്രോഡ് വേയിലെ ചെറിയ വഴിയിലൂടെ കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കുക പ്രയാസകരമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആവശ്യമെങ്കില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോട്രംസ്റ്റില്‍ നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കാനാണ് ധാരണ. ആര്‍ക്കും ഇതുവരെ പൊള്ളലേറ്റതായി അറിവില്ല. ബ്രോഡ് വേ മാര്‍ക്കറ്റില്‍ നിരവധി തുണികടകള്‍ ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് തീയണയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബ്രോഡ് വേ മാര്‍ക്കറ്റിലെ ഭദ്ര ടെക്സറ്റൈല്‍സ് എന്ന കടയിലാണ് അഗ്നിബാധ ആരംഭിച്ചത് എന്നാണ് വിവരം.
വസ്ത്രങ്ങളുടെ മൊത്തക്കച്ചവടം നടക്കുന്ന കടയാണ് ഇത്. തൊട്ട് അടുത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാനായി ഫയര്‍ഫോഴ്സ് ചുറ്റുവട്ടത്തെല്ലാം വെള്ളം ചീറ്റി കൊണ്ടിരിക്കുകയാണ്. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഭദ്ര ടെക്സ്റ്റല്‍സ് പൂര്‍ണമായും കത്തി കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയില്‍ നിന്നും കൊച്ചിയില്‍ നിന്നും കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കെട്ടിട്ടത്തിന്‍റെ മേല്‍ക്കൂര ഏതാണ്ട് കത്തിയമര്‍ന്നു. കെട്ടിട്ടത്തിലേക്ക് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പ്രവേശിച്ചിട്ടുണ്ട്. കെട്ടിട്ടത്തിനകത്തെ തീയണയ്കക്കാനാണ് ഇവരുടെ ശ്രമം. വളരെ പഴയ ഒരു കെട്ടിട്ടത്തിലാണ് തുണിക്കട പ്രവര്‍ത്തിക്കുന്നതെന്ന് സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു.