കരുത്തൻ ടുണീഷ്യയേ തന്ത്രത്തിൽ കുടുക്കി വെള്ളപ്പട
മോസ്കോ: വമ്പൻ സ്രാവുകളെ ഞെട്ടിക്കുന്ന സമനില കുരുക്ക് ഇംഗ്ലണ്ടിന് നൽകാനുള്ള ടുണീഷ്യൻ ശ്രമങ്ങൾക്ക് തിരിച്ചടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ലംണ്ട് ടുണീഷ്യയെ കെട്ടുകെട്ടിച്ചു. ക്യാപ്റ്റൻ ഹാരി കെയ്ൻ നേടിയ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു ഇരുടീമുകളും. ഇതോടെ അർജന്‍റീനയുടെയും ബ്രസീലിന്‍റെയും അവസ്ഥ തന്നെയാകും ഇംഗ്ലണ്ടിനുമെന്ന് ആരാധകർ വിധിയെഴുതി.
എന്നാൽ, കമ്പക്കെട്ടിന്‍റെ അവസാന നിമിഷങ്ങളിലേക്ക് കരുതി വച്ചിരിക്കുന്നതുപോലെ വജ്രായുധം ഒളിപ്പിച്ച് കാത്തുനിന്ന ഇംഗ്ലീഷ് നായകന് പിഴച്ചില്ല. അധിക സമയത്ത് ലഭിച്ച കോർണർ കിക്ക് പോസ്റ്റിന് ഇടത് വശം ചേർന്നു നിന്ന കെയ്ൻ കൃത്യമായി പോസ്റ്റിലേക്ക് എത്തിച്ചതോടെ ആക്രമണവും പ്രതിരോധവും മികച്ചതാക്കിയ ടുണീഷ്യൻ പോരാട്ട വീര്യത്തിന് അവസാനമാവുകയായിരുന്നു.
കളിയുടെ 11ാം മിനിറ്റിലാണ് ഇംഗ്ലണ്ട് ആദ്യ ഗോൾ നേടുന്നത്. ഹാരി കെയ്ൻ നേടിയ ഗോളിന് മറുപടി നൽകാൻ ടുണീഷ്യൻ താരങ്ങൾ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഒരു നീക്കവും ലക്ഷ്യത്തിലെത്തിയില്ല. ഇരു ഗോൾ മുഖത്തേക്കും പന്ത് എത്തിക്കൊണ്ടേയിരുന്നു. ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമിനുമായി. 36ാം മിനിറ്റിൽ കാത്തിരിപ്പിനു വിരാമമിട്ട് ടുണീഷ്യ ഇംഗ്ലണ്ടിനൊപ്പമെത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഫർജാനി നാസിയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.അവിടുന്നങ്ങോട്ട് ഇരു ടീമുകളും ആക്രമണവും പ്രതിരോധവും ശക്തമാക്കി. പന്ത് കൂടുതൽ സമയവും കൈവശം വച്ചത് ഇംഗ്ലണ്ടാണെങ്കിലും ഗോളുമാത്രം പിറന്നില്ല. ഒടുവിൽ അധികസമയത്തിന്‍റെ ആദ്യ മിനിറ്റിൽ ഇംഗ്ലണ്ട് കെയ്നിലൂടെ മത്സരഫലം തങ്ങൾക്കനുകൂലമാക്കി മാറ്റി. അവസാനം വരെ ആവേശം നിറഞ്ഞു നിന്ന മത്സരവും നിർണായമായ മൂന്ന് പോയിന്‍റുകളും അങ്ങനെ ഇംഗ്ലണ്ട് സ്വന്തമാക്കി.