ലോകകപ്പില്‍ വീണ്ടും ഫ്രഞ്ച് മുത്തമിട്ടു .. ഫ്രാന്‍സിന് രണ്ടാംകിരീടം.രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ തോല്‍പ്പിച്ചത്.

ഹൃദയംകവര്‍ന്ന് ക്രൊയേഷ്യ മടങ്ങി ലുഷ്‌നികിയിലെ പുതിയ ഫുട്‌ബോള്‍ രാജാവായി

0

 മോസ്ക്കോ :നാടോടിക്കഥയ്ക്ക് തുല്യമായ പ്രയാണത്തിലൂടെ ഫൈനലിലെത്തിയ ലൂക്ക മോഡ്രിച്ചിന്റെയും ഇവാന്‍ റാക്കിറ്റിച്ചിന്റെയും സംഘം അവസാന കടമ്പയില്‍, കലാശപ്പോരിന്റെ സമ്മര്‍ദ്ദത്തില്‍, ഒരു പടി മുന്‍പില്‍ നിന്ന ടീമായ ഫ്രാന്‍സിന് കീഴ്‌പെടുകയായിരുന്നു, അങ്ങനെ ഒരിക്കല്‍കൂടി ഫ്രാന്‍സിന്റെ മുമ്പില്‍ ക്രൊയേഷ്യ അടിയറവ് പറഞ്ഞു. ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഫ്രഞ്ച് പതാകകള്‍ വിജയഭേരി മുഴക്കി. ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തിന് ഗോള്‍മഴയില്‍ മറുപടി നല്‍കി ഫ്രാന്‍സിന് രണ്ടാം ലോക കിരീടം. കലാശക്കളിയില്‍ രണ്ടിനെതിരെ നാല് ഗോള്‍ മടക്കിയാണ് ദശാംസും സംഘവും കപ്പുയര്‍ത്തിയത്. സിദാന്‍റെ 1998ലെ സ്വപ്‌ന ടീമിന് ശേഷമുള്ള ഫ്രാന്‍സിന്‍റെ ആദ്യ കിരീടം. വീറും വാശിയും കൊണ്ട് ലുഷ്നിക്കിയില്‍ റണ്ണര്‍ അപ്പായി ക്രൊയേഷ്യക്ക് തലയുയര്‍ത്തി മടക്കം. ഇനി ഫുട്ബോള്‍ ലോകത്തിന് 2022 വരെ നീണ്ട കാത്തിരിപ്പ്. 

ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ നാട്യങ്ങളില്ലാത്ത പ്രകടനങ്ങളുടെ ആരാധകരാക്കി മാറ്റിക്കൊണ്ടാണ് ക്രൊയേഷ്യ മടങ്ങുന്നത്. കിരീടനേട്ടമെന്ന സ്വപ്‌നത്തിന് തൊട്ടുമുന്നില്‍ അവര്‍ കീഴടങ്ങുമ്പോള്‍ ദു:ഖം പങ്കിടാന്‍ ലോകം തന്നെ കൂടെ ഉണ്ടായിരുന്നു

ഗ്രീസ്മാനെ ബ്രോസോവിച്ച് വീഴ്ത്തിന് ലഭിച്ച ഫ്രീകിക്കില്‍ പിറന്ന മാന്‍സുക്കിച്ചിന്‍റെ സെല്‍ഫ് ഗോളാണ് ഫ്രഞ്ച് പടയെ മുന്നിലെത്തിച്ചത്. 18-ാം മിനുറ്റില്‍ ഗ്രീസ്മാന്‍ എടുത്ത കിക്ക് തട്ടിയകറ്റാന്‍ ശ്രമിച്ച ഉയരക്കാരന്‍ മാന്‍സുക്കിച്ചിന് പിഴച്ചു. ഗോള്‍കീപ്പര്‍ സുബാസിച്ചിനെ നിഷ്‌പ്രഭനാക്കി ഹെഡര്‍ വലയിലെത്തി. ഇതോടെ ഫ്രാന്‍സ് 1-0ന് മുന്നില്‍.

മാന്‍സുക്കിച്ചിന്‍റെ അബദ്ധത്തിന് 28-ാം മിനുറ്റില്‍ പെരിസിച്ച് പകരം വീട്ടി. ഫ്രാന്‍സിനെ വണ്ടര്‍ ഗോളില്‍ സമനിലയില്‍ തളക്കുകയായിരുന്നു പെരിസിച്ച്‍. മോഡ്രിച്ചിന്‍റെ ഫാര്‍ പോസ്റ്റില്‍ വന്ന ഫ്രീ കിക്ക് ബോക്സിലേക്ക് കുതിച്ചെത്തിയ മാന്‍സുക്കിച്ച് ഹെഡ് ചെയ്ത് ബോക്സിലേക്കിട്ടു. എന്നാല്‍ പന്ത് കാല്‍ക്കലാക്കിയ വിദ നല്‍കിയത് സുന്ദരന്‍ പാസ്. ലോകകപ്പ് ഫൈനലിലെ മികച്ച ഗോളുകളിലൊന്ന് എന്ന ചരിത്രം കുറിച്ച് പെരിസിച്ച് അത് വലതുമൂലയിലേക്ക് തുളച്ചുകയറ്റി.

വീണ്ടും മത്സരം മുറുകി. ഗോള്‍ മടക്കി നായകനായ പെരിസിച്ച് ക്രൊയേഷ്യയുടെ അടുത്ത ദുരന്തമാകുന്നതാണ് പിന്നീട് കണ്ടത്. 35-ാം മിനുറ്റില്‍ പന്ത് കൈ കൊണ്ട് തട്ടിയതിന് ‘വാര്‍’ ആനൂകൂല്യത്തില്‍ റഫറി പെനാല്‍റ്റി വിധിച്ചു. പെരിസിച്ചിനും ക്രൊയേഷ്യക്കും ലഭിച്ച അടുത്ത പ്രഹരം. 38-ാം മിനുറ്റില്‍ ഗ്രീസ്മാന്‍റെ എടുത്ത പെനാല്‍റ്റി സുബാസിച്ചിന് ഭീഷണി പോലുമായില്ല. ഫ്രാന്‍സ് 2-1ന് ലീഡ് തിരിച്ചുപിടിച്ച് ഇടവേളയ്ക്ക് പിരിഞ്ഞു.

ആദ്യ പകുതിയിലെ ഒരു ഗോളിന്‍റെ ലീഡിലേക്ക് പോഗ്ബയുടെ സംഭാവന എത്തിയതോടെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫ്രാന്‍സ് മേധാവിത്വമുറപ്പിച്ചു. 59-ാം മിനുറ്റില്‍ മിന്നല്‍ കുതിപ്പിലൂടെ എംബാപ്പെ നടത്തിയ നീക്കമാണ് ഫ്രാന്‍സിന് തുണയായത്. എംബാപ്പെയുടെ കുറിയ ക്രോസ് ക്രൊയേഷ്യന്‍ പ്രതിരോധത്തില്‍ തട്ടി ഗതി മാറിയെത്തിയപ്പോള്‍ മിന്നല്‍ ഷോട്ടിലൂടെ പോഗ്ബ വലകുലുക്കി.

ക്രൊയേഷ്യന്‍ ഗോള്‍മുഖത്തേക്കുള്ള ഫ്രഞ്ച് പലായനം അവിടെയും അവസാനിച്ചില്ല. 65-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിന്‍റെ അസിസ്റ്റില്‍ എംബാപ്പെയുടെ ലേംഗ് റേഞ്ചര്‍. 25 വാര അകലെ നിന്നുള്ള കിക്ക് വിദയെ തലോടാതെ സുബാസിച്ചിനെ മറികടന്ന് വലയില്‍. ലോകകപ്പില്‍ എംബാപ്പെയുടെ പ്രതിഭ അടയാളപ്പെടുത്തിയ മറ്റൊരു ഗോള്‍. ഈ ലോകകപ്പില്‍ ഫ്രഞ്ച് യുവതാരത്തിന്‍റെ നാലാം ഗോളും‍. ഇതോടെ ഫ്രാന്‍സ് 4-1ന് മുന്നില്‍.

മരിയോ മാന്‍സുകിച്ച് തന്റെ സെല്‍ഫ് ഗോളിന് 69ാം മിനിട്ടില്‍ പ്രായശ്ചിത്തം ചെയ്‌തെങ്കിലും ടീമിന്റെ തോല്‍വി ഒഴിവാക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മിനുറ്റുകളുടെ ഇടവേളയില്‍ ഫ്രാന്‍സ് നായകന്‍ കൂടിയായ ലോറിസ് കാട്ടിയ മണ്ടത്തരം ക്രൊയേഷ്യക്ക് ബോണസ് പോയിന്‍റ് നേടിക്കൊടുത്തു. ഉംറ്റിറ്റിക്ക് പാസ് നല്‍കാനുള്ള ലോറിസിന്‍റെ ശ്രമത്തിനിടയില്‍ പന്ത് റാഞ്ചി മാന്‍സുക്കിച്ച് ഗോള്‍ കുറിച്ചു. സ്കോര്‍ 4-2. മത്സരത്തിന്‍റെ തുടക്കത്തില്‍ സ്വന്തം കുഴി തോണ്ടിയ മാന്‍സുക്കിച്ചിന്‍റെ പരിഹാരം. എന്നാല്‍ അവിടംകൊണ്ട് ക്രൊയേഷ്യക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.

 

You might also like

-