റഷ്യൻ കരുത്തിന് മുന്നി പിടിച്ചുനിൽക്കാനാവാതെ ഫറോമാർ റഷ്യ 3-1ഈജിപ്തിനെ തകർത്തു

0

മോസ്കോ: കരുത്തരായ ഈജിപ്തിനെ തകർത്ത് ആതിഥേയരായ റഷ്യ ഈ ലോകകപ്പിലെ രണ്ടാം ജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റഷ്യ ഈജിപ്തിനുമേൽ വിജയം കണ്ടത്. ഗോൾരഹിതമായ ഒന്നാം പകുതിയ്ക്ക് ശേഷം റഷ്യൻ ചെമ്പട ഈജിപ്ഷ്യൻ ഗോൾ മുഖത്തേക്ക് ഇരമ്പിയാർക്കുകയായിരുന്നു. മത്സരത്തിന്‍റെ 47ാം മിനിറ്റിലാണ് റഷ്യ ഗോൾ പട്ടിക തുറന്നത്. അതും ഈജിപ്ഷ്യൻ നായകൻ ഫാത്തിയുടെ സെൽഫ് ഗോളിലൂടെ. സോബ്നിന്‍റെ നിരുപദ്രവകരമായ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ ഫാത്തിയുടെ മുട്ടിൽ തട്ടിത്തിരിഞ്ഞ പന്ത് സ്വന്തം ഗോൾമുഖത്തേക്ക് പാഞ്ഞുകയറുമ്പോൾ ഈജിപ്ഷ്യൻ ഗോളിക്ക് കാഴ്ചക്കാരനാകാനെ സാധിച്ചുള്ളു.

ആദ്യ ഗോളിന്‍റെ ഞെട്ടലിൽ തരിച്ചു നിന്ന ഈജിപ്തിന്‍റെ ഗോൾമുഖത്ത് റഷ്യൻ ചെമ്പട നിരന്തരം ആക്രമണമഴിച്ചുവിട്ടു. നിമിഷങ്ങൾക്കകം ആ നീക്കം ലക്ഷ്യം കാണുകയും ചെയ്തു. ബോക്സിന്‍റെ വലത് മൂലയിൽ നിന്ന് ഫെർണാണ്ടസ് നൽകിയ പാസ് പിഴവേതും കൂടാതെ ഡെനിസ് ചെറിഷേവ് ഗോളാക്കി മാറ്റി. 59ാം മിനിറ്റിലായിരുന്നു റഷ്യൻ ഗാലറിയെ ഇളക്കി മറിച്ച ഈ ഗോൾ പിറന്നത്. കഴിഞ്ഞ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ ചെറിഷേവിന്‍റെ ഗോൾനേട്ടം ഇതോടെ മൂന്നായി ഉയരുകയും ചെയ്തു.

മൂന്ന് മിനിറ്റുകളുടെ മാത്രം ഇടവേളയിൽ ഈജിപ്തിന്‍റെ ഗോൾമുഖം വീണ്ടും ഞെട്ടിവിറച്ചു. അർതേം സ്യൂബയാണ് 62ാം മിനിറ്റിൽ റഷ്യയുടെ മൂന്നാം ഗോൾ നേടിയത്. ഗോളുകൾ നേടാനാകാതെ നാണം കെട്ട് മടങ്ങേണ്ടി വരുമെന്ന് ഉറപ്പിച്ച ഈജിപ്തിന് ആശ്വാസമെന്നോണം 73ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ഈജിപ്തിന്‍റെ സൂപ്പർ താരം മുഹമ്മദ് സലാ പിഴവ് കൂടാതെ അത് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച റഷ്യക്ക് ഇതോടെ ആറു പോയിന്‍റായി. രണ്ട് മത്സരങ്ങളും പരാജയത്തിന്‍റെ കയ്പുനീർ കുടിച്ച ഈജിപ്തിന്‍റെ നില പരുങ്ങലിലാവുകയും ചെയ്തു. ആദ്യ മൽസരത്തിൽ റഷ്യ സൗദിയെ 5-0ന് മുക്കിയപ്പോൾ, ഈജിപ്ത് 1-0ന് ഉറുഗ്വെയോട് തോറ്റിരുന്നു.

You might also like

-