ഐ.ഐ.ടി ഫാത്തിമയുടെ മരണം , കൊലപാതകം , മുന്‍ പ്രൊഫസര്‍ വസന്ത കന്തസാമി ,ഐ.ഐ.ടി മേലാളന്മാരുടെ കോട്ട 

ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമേ ഐ.ഐ.ടിയില്‍ വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. അതൊരു ജാതിക്കോട്ടയാണെന്നും അവര്‍ പറഞ്ഞു വെക്കുന്നു.

0

ചെന്നൈ :മദ്രാസ് ഐ.ഐ.ടിയില്‍ ഫാത്തിമ ലത്തിഫ് എന്ന മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഐ.ഐ.ടി മുന്‍ പ്രൊഫസര്‍ വസന്ത കന്തസാമി. ഫാത്തിമയുടെ മരണം ആത്മഹത്യയല്ലെന്നും അതൊരു ഇന്‍സ്റ്റിസ്റ്റൂഷണല്‍ കൊലപാതകമാണെന്നും അവര്‍ പറഞ്ഞു. നക്കീരന്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.28 വര്‍ഷത്തെ തന്റെ ഐ.ഐ.ടി ജീവിതത്തിനിടയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമെ വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി പോയിട്ടുള്ളുവെന്നും വസന്ത കന്തസാമി പറയുന്നു. ‘ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമേ ഐ.ഐ.ടിയില്‍ വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. അതൊരു ജാതിക്കോട്ടയാണെന്നും അവര്‍ പറഞ്ഞു വെക്കുന്നു.

ഒരു പക്ഷെ ഫാത്തിമയെ അവര്‍ അപമാനിച്ചിരിക്കാം, ഒറ്റപ്പെടുത്തിയിരിക്കാം, മാനസികമായി തളര്‍ത്തിയിരിക്കാം. അതിനാലായിരിക്കാം അവള്‍ ആത്മഹത്യ ചെയ്തത്. അതല്ലാതെ പിന്നെ എങ്ങിനെയാണ് ഇത്രയും ബ്രൈറ്റായ ഒരു കുട്ടി ആത്മഹത്യ ചെയ്യുക. ഫാത്തിമ തന്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ അധ്യാപകര്‍ക്കെതിരെയാണ് ആദ്യം അന്വേഷണം നടത്തേണ്ടത്. ഇന്റേണല്‍ മാര്‍ക്കില്‍ പുനര്‍മൂല്യ നിര്‍ണ്ണയം നടത്താനുള്ള സാധ്യതകള്‍ ഐ.ഐ.ടിയില്‍ ഇല്ല.അത്‌കൊണ്ടു തന്നെ അധ്യാപകര്‍ തങ്ങളുടെ ഇഷ്ടവും ഇഷ്ടക്കേടും ഇവിടെയാണ് പ്രകടമാക്കുക. ഒരു അധ്യാപകന്‍ വിചാരിച്ചാല്‍ ഒരു കുട്ടിയെ ജയിപ്പിക്കാനും തോല്‍പ്പിക്കാനും സാധിക്കുന്ന സാഹചര്യമാണ് ഐ.ഐ.ടിയിലുള്ളത്. അത്യാവശ്യം അറിവുള്ള വിദ്യാര്‍ഥികള്‍ക്കു പോലും പറഞ്ഞു കൊടുക്കാന്‍ സാധിക്കാത്തവര്‍ പിന്നെ എങ്ങിനെയാണ് അത്രയും ബ്രൈറ്റല്ലാത്ത കുട്ടികളെ പഠിപ്പിക്കുകയൊന്നും വസന്ത കന്തസാമി ചേദിക്കുന്നു.

ഈ അടുത്ത കാലം തൊട്ടാണ് എന്‍ട്രന്‍സ് പരീക്ഷകള്‍ വഴി കുട്ടികളെ അഡ്മിറ്റ് ചെയ്യുന്ന രീതി പ്രാബല്ല്യത്തില്‍ വന്നത്. അതിന് മുമ്പ് അധ്യാപകരുടെ ഇഷ്ടക്കാരായിരുന്നു പഠിക്കാനെത്തിയിരുന്നവരില്‍ ഭൂരിഭാഗവും. അതുപോലെ തന്നെ അധ്യാപന നിയമനത്തിലും ഈ മാനദണ്ഡം തന്നെയായിരുന്നു അനുവര്‍ത്തിച്ചു പോന്നിരുന്നത്. ചുരുക്കത്തില്‍ കൃത്യമായ നിയമങ്ങളൊന്നും തന്നെ മദ്രാസ് ഐ.ഐ.ടിയില്‍ ഇല്ല.

ഭരണഘടനക്കും നിയമസംവിധാനത്തിനുമെല്ലാമപ്പുറമുള്ള ഒരു വലിയ മാഫിയയാണ് ക്യാംപസ് ഭരിക്കുന്നത്. അത്‌കൊണ്ടു തന്നെ ജനാധിപത്യപരമായ ഒന്നും തന്നെ മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.സ്വയം ഭരണമുള്ളതിനാല്‍ മദ്രാസ് ഐ.ഐ.ടി മറ്റാരെയും മാനിക്കാറില്ല. ന്യൂനപക്ഷങ്ങള്‍ക്കുള്ള റിസര്‍വേഷനും അവിടെയില്ല. അക്കാര്യത്തെ കുറിച്ച് ചോദിച്ചാല്‍ അവര്‍ക്ക് മതിയായ യോഗ്യതയില്ലെന്നാവും മറുപടി. ഇനി ന്യൂനപക്ഷത്തില്‍പ്പെട്ടൊരാളാണെന്നങ്ങാനും രേഖകളില്‍ വ്യക്തമാക്കിയാല്‍ അതോടെ തീര്‍ന്നു ആ കുട്ടിയുടെ പഠനം, പിന്നെ ദുരിതമാണ്. അതുകൊണ്ടു തന്നെ പല കുട്ടികളോടും കാറ്റഗറി ജനലറാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇനി മറ്റൊന്നു കൂടി പറയാം. കറുത്ത നിറമുള്ള ഒരു വിദ്യാര്‍ഥി അവിടെ പഠനം പൂര്‍ത്തിയാക്കുകയെന്നത് അതീവ ദുഷ്‌കരമായ ഒന്നാണ്. കാരണം മദ്രാസ് ഐ.ഐ.ടിയിലെ ജാതിക്കോട്ടകള്‍ അത്രമാത്രം സജീവമാണ്. ആ കോട്ടക്കുള്ളിലേക്ക് പുറത്തു നിന്നൊരാള്‍ക്ക് കടക്കുക എന്നത് അത്ര എളുപ്പമല്ല. സ്വയം ഭരണം എന്ന പദവിയാണ് എല്ലാത്തിനും മറയായി ഉപയോഗപ്പെടുത്തുന്നത്. സ്വയം ഭരണമുള്ളവര്‍ എന്തിനാണ് സര്‍ക്കാരില്‍ നിന്നും കോടികള്‍ വാങ്ങുന്നത്.

കോടതി ഉത്തരവുകള്‍ക്കു പോലും അവിടെ പുല്ലു വിലയാണ് കല്‍പ്പിക്കുന്നത്. മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് സമൂഹത്തിന് ഉതകുന്ന രീതിയിലുള്ള കണ്ടുപിടുത്തങ്ങളുണ്ടായിട്ടുണ്ടോ? മാന്‍ഹോള്‍ ശുദ്ധീകരിക്കുന്നവര്‍ക്ക് സഹായകമായ എന്തെങ്കിലും അവിടെ നിന്നുണ്ടായിട്ടുണ്ടോ. എന്തുകൊണ്ടാണ് വിദ്യാര്‍ഥികളുടെ ഗവേഷണ പ്രബന്ധങ്ങള്‍ പരസ്യപ്പെടുത്താത്തത്. തീസീസുകള്‍ എന്തിനാണ് ലോക്ക് ചെയ്ത് സൂക്ഷിക്കുന്നത്.

മറ്റു സ്ഥലങ്ങളില്‍ അവ എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടല്ലോ. കേംബ്രിഡ്ജ് പോലെയുള്ള വന്‍ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ ചെയ്ത തീസിസുകള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പോലും മദ്രാസ് ഐ.ഐ.ടിയിലെ തിസീസുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.

തൊട്ടുകൂടായ്മയും അയ്ത്തവും കാരണം അവിടെ വരുന്ന ദളിത് വിദ്യാര്‍ഥിക്ക് താമസിക്കാന്‍ ഇടം പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ദളിത് വിദ്യാര്‍ഥികളുടെ തീസിസ് എടുത്ത് നല്‍കുന്ന സംഭവങ്ങള്‍ പോലുമുണ്ട്. യോഗ്യതയുള്ള അധ്യാപകര്‍ക്കു പോലും പ്രൊഫസര്‍ഷിപ്പ് നല്‍കാറില്ല. മനുസ്മൃതിയില്‍ പറയുന്ന സംസ്‌കാരമാണ് അവിടെ പിന്തുടരുന്നത്. സ്ത്രീകള്‍ക്കും ന്യൂന പക്ഷങ്ങള്‍ക്കും വിദ്യാഭാസം പാടില്ല എന്ന നിലപാടിലാണ് അവരുടെ പ്രവര്‍ത്തനം. അവരെ വിശ്വസിച്ച് മകളെ ഏല്‍പ്പിച്ചുപോയ പിതാവിനെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. എത്രയും പെട്ടെന്ന് ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യുകയാണ് വേണ്ടത്, വസന്ത കന്തസാമി പറയുന്നു

You might also like

-