“മരിക്കാൻ അനുവദിക്കണം” ദയാവധത്തിന് അനുമതിആവശ്യപ്പെട്ട് 200 കർഷകർ രാഷ്ട്രപതിക്ക് കത്തയച്ചു
ഡൽഹി: നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ജീവനൊടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ സത്നയിൽനിന്നുള്ള 200 കർഷകർ രാഷ്ട്രപതിക്കു കത്തെഴുതി. പന്ത്രണ്ടലധികം ഗ്രാമങ്ങളിൽനിന്നുള്ള രാഷ്ട്രീയ കിസാൻ മസ്ദൂർ മഹാസംഘിൽ പെട്ട കർഷകരാണിവർ. ജബൽപൂർ വിന്ധ്യാഞ്ചൽ പവർ പ്രോജക്ടിന് വേണ്ടി കേബിൾ വലിച്ചതിലൂടെ തങ്ങളുടെ കൃഷിയിടത്തിനുണ്ടായ നഷ്ടം നികത്താൻ അധികൃതർ തയാറായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.
സർക്കാർ നിർദേശങ്ങളൊന്നുംതന്നെ പാലിക്കാതെയാണ് കന്പനി കേബിൾ വലിച്ചിരിക്കുന്നത്. ഭൂഉടമകൾക്ക് ഒരു തരത്തിലുള്ള നഷ്ടപരിഹാരവും നൽകിയിട്ടില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ടവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാജ കേസുകളിൽ പെടുത്തി അകത്താക്കുമെന്നായിരുന്നു. രാഷ്ട്രപതിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് ഇന്നലെ കർഷകർ ജില്ലാ കളക്ടർക്ക് കൈമാറി.
പ്രതിഷേധനിരയിൽ മുൻപന്തിയിൽ നിന്നിരുന്ന കർഷക സംഘം പ്രതിനിധിയെ കള്ളക്കേസിൽ പെടുത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇതേത്തുടർന്ന് ആർകെഎംഎം പ്രസിഡന്റ് ശിവകുമാർ ശർമയുടെ നേതൃത്വത്തിൽ വലിയ കർഷക റാലി നടത്തിയിരുന്നു.