പൊലീസുകാരുടെ പേരിൽ വ്യാജ അക്കൗണ്ട്; പിന്നിൽ ഉത്തരേന്ത്യയിൻ സംഘം
ഋഷിരാജ് സിങിന്റെയും പി.വിജയന്റെയും പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവര്‍ ഉപയോഗിച്ചത് വ്യാജ മേല്‍വിലാസമെന്നും കണ്ടെത്തി.
തിരുവനന്തപുരം :പൊലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടുന്നത് ഉത്തരേന്ത്യയിലെ വന്‍ സംഘം. ഋഷിരാജ് സിങിന്റെയും പി.വിജയന്റെയും പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവര്‍ ഉപയോഗിച്ചത് വ്യാജ മേല്‍വിലാസമെന്നും കണ്ടെത്തി. യഥാര്‍ത്ഥ തട്ടിപ്പുകാരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടെന്നും വിലയിരുത്തല്‍.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയും പേരും ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും മെസഞ്ചര്‍ ചാറ്റിലൂടെ പണം വാങ്ങിയുമാണ് തട്ടിപ്പ് നടക്കുന്നത്. ജയില്‍ മേധാവി ഋഷിരാജ് സിങിന്റെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയവര്‍ അഞ്ച് മൊബൈല്‍ നമ്പരുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. ആ നമ്പരുകള്‍ നിരീക്ഷിച്ചപ്പോള്‍ ഹരിയാന, രാജസ്ഥാന്‍,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുള്ളതാണെന്ന് വ്യക്തമായി. ഐ.ജി പി. വിജയന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവരുപയോഗിച്ച രണ്ട് സിമ്മുകളാണ് കണ്ടെത്തിയത്. ഒരെണ്ണം രാജസ്ഥാനിലെ ഭരത്പൂരിലും മറ്റൊരണ്ണം ഹരിയാനയിലുമാണ്.
തട്ടിപ്പിന് പിന്നില്‍ വന്‍സംഘമെന്ന് സൈബര്‍ ക്രൈം പൊലീസ് വിലയിരുത്തുന്നത്. മാത്രവുമല്ല, തെലങ്കാനയിലെ ഡി.ഐ.ജിയുടെ പേരില്‍ സമാനതട്ടിപ്പ് നടത്തിയ നാല് പേര്‍ അവിടെ അറസ്റ്റിലായിരുന്നു. തെലങ്കാന പൊലീസില്‍ നിന്ന് സൈബര്‍ ക്രൈം പൊലീസ് വിവരങ്ങള്‍ തേടി. പിടിയിലായവര്‍ ചെറുകണ്ണികള്‍ മാത്രമെന്നും അഞ്ഞൂറിലേറെപ്പേര്‍ സംഘത്തിലുണ്ടെന്നുമാണ് തെലങ്കാന പൊലീസ് അറിയിച്ചത്. സിം എടുക്കാനായി ഉപയോഗിക്കുന്നതെല്ലാം മറ്റാരുടെയെങ്കിലും പേരിലുള്ള തിരിച്ചറിയല്‍ രേഖകളാണെന്നും കണ്ടെത്തി. അതിനാല്‍ തട്ടിപ്പിന് പിന്നിലെ യഥാര്‍ത്ഥ വില്ലന്‍മാരെ എങ്ങിനെ കണ്ടെത്തുമെന്നതില്‍ ആശയക്കുഴപ്പമുണ്ട്.