ജമാല്‍ ഖശോഗിയുടെ കൊലപാതകം തെളിവുകൾ പുറത്ത്
ദുബായ്: ജമാൽ ഖശോഗിയുടെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ചവരെ തുര്‍ക്കി അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉത്തരവിട്ടവര്‍ ആരാണെന്ന് സൌദി വിശദീകരിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. കേസില്‍ പ്രതികളെ ശിക്ഷിക്കുമെന്ന് സൌദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജമാല്‍ ഖശോഗിയുടെ മരണത്തില്‍ അന്താരാഷ്ട്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു യുഎന്‍. കേസില്‍ 18 സൌദി ഉദ്യോഗസ്ഥരാണ് കസ്റ്റഡിയില്‍. കുറ്റം തെളിഞ്ഞാല്‍ പ്രതികളെ ശിക്ഷിക്കുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയില്‍ സൌദിയുടെ വിശദീകരണം. മുന്‍കൂട്ടി തയ്യാറാക്കിയ കൊലപാതകത്തിന് ഉത്തരവ് നല്‍കിയത് ആരാണെന്ന് വിശദീകരിക്കണമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
”കൊലപാതകത്തിന് എത്തിയവര്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമല്ല എത്തിയത്. അക്കാര്യം തുര്‍ക്കി പ്രസിഡന്റിനും ഉറപ്പാണ്. ഉന്നതരായ 15 പേരും ഉത്തരവില്ലാതെ വരില്ല. അതും സൌദി പൌരനെ തന്നെ വധിക്കാന്‍.” തുര്‍ക്കി വിദേശകാര്യ മന്ത്രി മെവലൂത് കാവോസൊഗ്ലു പറയുന്നു.
ഇതിനിടെ കേസില്‍ തെളിവ് നശിപ്പിക്കാന്‍ കോണ്‍സുലേറ്റില്‍ സംഭവത്തിന് ശേഷം എത്തിയവരെ തുര്‍ക്കി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കോണ്‍സുലേറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.