കെവിന്‍റെ മരണം ദുരഭിമാനക്കൊലതന്നെ കോടതി

0

കോട്ടയം: കോട്ടയം മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ കൊല്ലപ്പെട്ട കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും. കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും.

കെവിൻ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിഭാഗം ഇതിനെ ശക്തമായി എതിർത്തു. എന്നാൽ ഈ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാൻ കോടതി ഉത്തരവിടുന്നത്. കേരളത്തിലാദ്യമായാണ് ‘ദുരഭിമാനക്കൊല’യെന്ന് കണക്കാക്കി ഒരു കൊലക്കേസിൽ വിചാരണ തുടങ്ങാൻ പോകുന്നത്.

മെയ് 24-നാണ് കോട്ടയത്ത് ബിരുദവിദ്യാർഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്നുതന്നെ നീനുവിന്‍റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റർ വിവാഹത്തിന്‍റെ രേഖകൾ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാൻ നീനുവിനോട് പൊലീസ് പറഞ്ഞപ്പോൾ പോകില്ലെന്ന ഉറച്ച നിലപാടെടുത്തു നീനു. തുടർന്ന് ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചപ്പോൾ ആളുകൾ കൂടി. ഇതോടെയാണ് വീട്ടുകാർ പിൻവാങ്ങിയത്.

മെയ് 28-നാണ് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. തലേന്ന് നീനുവിന്‍റെ സഹോദരനടക്കം കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മർദ്ദിച്ച ശേഷം കെവിനെ ആറ്റിൽ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കെവിന്‍റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കോട്ടയം ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയാണ് കെവിൻ കൊലക്കേസ് അന്വേഷിച്ചത്. കേസിൽ നീനുവിന്‍റെ സഹോദരൻ ഷാനുവും അച്ഛൻ ചാക്കോയും ഒന്നും അഞ്ചും പ്രതികളാണ്. ഇവരിപ്പോഴും റിമാൻഡിൽ തുടരുകയാണ്. കേസിൽ 186 സാക്ഷികളും 180 തെളിവുപ്രമാണരേഖകളുമുണ്ട്.

You might also like

-