ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികൽ മറ്റ് കുട്ടികളയേയും തട്ടിക്കൊണ്ടുപോകുവാൻ ശ്രമം നടത്തിയതിന്റെ തെളിവുകൾ പുറത്ത്

പള്ളിക്കൽ മൂതലയിൽ കുട്ടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമമുണ്ടായത് തിങ്കളാഴ്ച്ച മൂന്നരയ്ക്കാണ്. പള്ളിക്കൽ മൂതല റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമാണ്സംഭവം. എന്നാൽ നാട്ടുകാരെത്തിയപ്പോൾ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു

0

കൊല്ലം| കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം 6 വയസുകാരി മാത്രമായിരുന്നില്ലെന്ന് വിവരം. പ്രതികൾ മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോവാൻ ലക്ഷ്യമിട്ടെന്നാണ് പുറത്തുവരുന്ന വിവരം. പള്ളിക്കൽ മൂതലയിൽ കുട്ടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമമുണ്ടായത് തിങ്കളാഴ്ച്ച മൂന്നരയ്ക്കാണ്. പള്ളിക്കൽ മൂതല റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപമാണ്സംഭവം. എന്നാൽ നാട്ടുകാരെത്തിയപ്പോൾ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. KL 04 AF 3239 എന്ന വ്യാജ നമ്പറില്‍ പ്രദേശത്ത് കറങ്ങിയ സ്വിഫ്റ്റ് കാറിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. വൈകിട്ട് 3.27 നും 3.50 നും ഇടയിൽ കാർ പള്ളിക്കൽ – മുന്നില റോഡിലൂടെ കടന്നുപോയതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
റോഡില്‍ ഒറ്റയ്ക്ക് നിന്നിരുന്ന ഒരു കുട്ടിയുടെ അടുത്ത് എത്തിയപ്പോള്‍ കാർ വേഗത കുറയ്ക്കുന്നതും മറ്റ് വണ്ടിയും ആളുകളും വരുന്നത് കണ്ടപ്പോള്‍ വേഗതകൂട്ടി മുന്നോട്ട് നീങ്ങുകയും ചെയ്യുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. മുന്നോട്ട് പോയ വണ്ടി വീണ്ടും തിരിച്ചു വരുന്നതിന്‍റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഇതിന് ശേഷമാണ് വ്യാജ നമ്പർ വച്ച സ്വിഫ്റ്റ് കാർ ഓയൂർ ഭാഗത്തേക്ക് പോയത്. നാലുമണിക്ക് ശേഷമാണ് ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. അതിനിടെ, താന്നിവിളയിൽ നിന്ന് മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായും പരാതി ഉണ്ടായിരുന്നു.

പ്രൊഫഷണല്‍ സംഘമല്ല കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ആവര്‍ത്തിക്കുന്ന പൊലീസിന് കുട്ടിയെ കിട്ടി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയതോടെയാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ സംഘത്തെ രൂപീകരിച്ചത്. കാണാമറയത്തുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുമ്പോഴും സംഘത്തെ കുറിച്ച് പൊലീസിന് മുന്നിലുള്ളത് ചില സംശയങ്ങള്‍ മാത്രമാണ്.കുട്ടിയെ ഇന്നലെ ആശ്രാമത്തേക്ക് എത്തിച്ചത് കാറിലാണെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ട്. കാറില്‍ കുട്ടിയെ ആശ്രാമത്ത് എത്തിച്ച സംഘം കുട്ടിയെ ഇറക്കി വിടാനുള്ള സ്ഥലം കണ്ടെത്തിയെന്നും തുടര്‍ന്ന് സ്ത്രീയ്ക്ക് ഒപ്പം ഓട്ടോയില്‍ കയറ്റി വിട്ടുവെന്നുമാണ് പൊലീസിന് കണ്ടെത്തല്‍. തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടി യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്. പ്രതികള്‍ പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.ഓട്ടോ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിന്റേതാണ് ഓട്ടോയെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍  KL 04 AF 3239  എന്ന നമ്പർ പ്ലേറ്റ് നിർമ്മിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ നിർദേശിച്ച് കൊല്ലം റൂറൽ പൊലീസ്. വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനത്തിലാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. മലപ്പുറം സ്വദേശിക്ക് അനുവദിച്ച നമ്പറാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ വാഹനത്തിൽ സംഘം ഉപയോഗിച്ചത്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ് പൊലീസ്. കൊല്ലം റൂറൽ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഡിഐജി നിശാന്തിനിയാണ് അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുക. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

You might also like

-