കര്‍ഷക സമരത്തിന് പര്യവസാനം; ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ധാരണയായി
ഒന്നര വര്‍ഷത്തോളം രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ കര്‍ഷക സമരത്തിന് പര്യവസാനം. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തു. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ ധാരണയായി.
ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ‘ഞങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കും’ സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു.
സമരങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, മിനിമം താങ്ങുവില, കര്‍ഷകര്‍ക്കെതിരെയായ കേസുകള്‍ പിന്‍വലിക്കുക എന്നിവയടക്കം ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു. ഹരിയാന, യുപി, ഡല്‍ഹി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തകേസുകള്‍ ഉടന്‍ പിന്‍വലിക്കും.