‘ക്ലീൻ ചിറ്റു’കളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷം

ആഭ്യന്തര വിയോജിപ്പുകൾ ഒത്തുതീർക്കണമെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സഹകരിക്കണമെന്നുമാണ് സുനിൽ അറോറ അയച്ച കത്തുകളിലുള്ളത്. മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റുകൾ തുടർച്ചയായി നൽകിയതിൽ ആറ് തവണയാണ് അശോക് ലവാസ എതിർപ്പ് അറിയിച്ചത്.

0

ദില്ലി: ‘ക്ലീൻ ചിറ്റു’കളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ചട്ടം ലംഘിച്ചുള്ള പരാമർശങ്ങൾക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജിപ്പുകൾ പുറത്തു വന്നതോടെ സമവായത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഭിന്നത പരസ്യമാക്കരുതെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടത്താൻ സഹകരിക്കണമെന്നും കാണിച്ച് വിയോജിപ്പ് അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ രണ്ട് കത്തുകൾ നൽകി.

ആഭ്യന്തര വിയോജിപ്പുകൾ ഒത്തുതീർക്കണമെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ സഹകരിക്കണമെന്നുമാണ് സുനിൽ അറോറ അയച്ച കത്തുകളിലുള്ളത്. മോദിക്കും അമിത് ഷായ്ക്കും ക്ലീൻ ചിറ്റുകൾ തുടർച്ചയായി നൽകിയതിൽ ആറ് തവണയാണ് അശോക് ലവാസ എതിർപ്പ് അറിയിച്ചത്. എന്നാൽ ഈ യോഗങ്ങളുടെ മിനിട്‍സിലൊന്നും അശോക് ലവാസയുടെ എതിർപ്പ് രേഖപ്പെടുത്തിയില്ല. ഇതിൽ അശോക് ലവാസ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എതിർപ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തണമെന്നും അശോക് ലവാസ ആവശ്യപ്പെട്ട കാര്യം പരസ്യമായി പുറത്തു വരികയും ചെയ്തു.

ഇതോടെ മോദിക്കും ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയതിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽത്തന്നെ ഭിന്നതയുണ്ടെന്ന കാര്യം പരസ്യമായി പുറത്തു വന്നു. ഇതേത്തുടർന്നാണ് ഭിന്നത പരസ്യമാക്കുന്നത് ശരിയല്ലെന്നും, ഒഴിവാക്കാവുന്ന വിവാദമാണിതെന്നുമുള്ള നിലപാടുമായി സുനിൽ അറോറ രംഗത്തു വരുന്നതും അശോക് ലവാസയ്ക്ക് രണ്ട് കത്തുകൾ നൽകുന്നതും.

ഈ ഭിന്നത പരസ്യമായി പുറത്തു വന്ന ശേഷവും അശോക് ലവാസയും സുനിൽ അറോറയുമടക്കമുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ശനിയാഴ്ച അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും ഭിന്നത പരസ്യമാക്കരുതെന്ന് ലവാസയോട് സുനിൽ അറോറ ആവശ്യപ്പെട്ടു.

വിയോജിപ്പ് പരസ്യമായതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗങ്ങൾ എക്സിക്യൂട്ടീവ് സ്വഭാവമുള്ളതാണെന്നും അതിനാൽ എതിർപ്പുകൾ രേഖപ്പെടുത്തേണ്ടതില്ലെന്നും നിയമവിഭാഗം, വ്യക്തമാക്കിയിരുന്നു. അതായത് കമ്മീഷൻ യോഗത്തിലെ തീരുമാനങ്ങൾക്കാണ് പ്രാധാന്യം. ഭൂരിപക്ഷത്തിന്‍റെ തീരുമാനമാണ് നടപ്പിലാവുക. ആ തീരുമാനത്തിലെത്തും മുൻപ് കമ്മീഷനിൽ ഭിന്നതയുണ്ടായിരുന്നോ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു നിയമവിഭാഗത്തിന്‍റെ നിയമോപദേശം. ഇക്കാര്യം അശോക് ലവാസയെ സുനിൽ അറോറ അറിയിക്കുകയും ചെയ്തു.

ലവാസ മറുപടിക്കത്തും നൽകി

സുനിൽ അറോറയുടെ രണ്ട് കത്തുകൾക്ക് അശോക് ലവാസ മറുപടിക്കത്തുകൾ നൽകിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭരണഘടനയുടെ 324-ാം ചട്ടപ്രകാരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളും പ്രസ്താവനകളും മറ്റും പരിശോധിച്ച് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. സ്വാഭാവിക നീതി അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികളെല്ലാം.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ജുഡീഷ്യൽ അധികാരങ്ങളുള്ള ഭരണഘടനാസ്ഥാപനമാണെന്നാണ് ഇത് തെളിയിക്കുന്നത്. അതിനാൽ വിധിപ്രസ്താവങ്ങളിൽ ജഡ്ജിമാർ എതിർപ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിർപ്പ് രേഖപ്പെടുത്താൻ കഴിയണമെന്നും അശോക് ലവാസ വാദിക്കുന്നു. ഇത് തെളിയിക്കുന്ന ഉദാഹരണങ്ങളും ലവാസ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭിന്നതകൾ പരസ്യമായെങ്കിലും അശോക് ലവാസ ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എല്ലാ യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. ലവാസയുടെ എതിർപ്പുകൾ വിശദമായി ചർച്ച ചെയ്യാൻ നാളെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേരും.

You might also like

-