എളമരം രാജ്യസഭയിലേക്ക്
തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എളമരം കരീമിനെ മത്സരിപ്പിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.കേരളത്തിൽ നിന്ന് മൂന്ന് സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവ് വരുന്നത്. ഇതിൽ രണ്ട് സീറ്റിൽ എൽഡിഎഫിനും ഒരു സീറ്റിൽ യുഡിഎഫിനും വിജയിക്കാൻ സാധിക്കും. എൽഡിഎഫിന്റെ രണ്ടു സീറ്റുകളിൽ ഒന്നിൽ സിപിഐ സ്ഥാനാർഥി ബിനോയ് വിശ്വമാണ് മത്സരിക്കുന്നത്. യുഡിഎഫിന്റെ സീറ്റ് കേരള കോൺഗ്രസിനു വിട്ടു നൽകിയിരുന്നു.
സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന എളമരം കരീം 971ല്‍ കെ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1974-ല്‍ സി.പി.ഐ.എം, സി.ഐ.ടി.യു. എന്നീ സംഘടനകളില്‍ അംഗമായി.
1977 മുതല്‍ 1986 വരെ സി.പി.ഐ.എമ്മിന്റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ല്‍ സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ല്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ല്‍ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും, ഓള് ഇന്ത്യ റോഡ് ട്രാന്‍സ്പോര്‍ട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നു. ഇടതുമുന്നണിക്ക് കിട്ടുന്ന രണ്ട് സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വീതിച്ചെടുക്കാനായിരുന്നു തീരുമാനം. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ബിനോയ് വിശ്വത്തെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.
സിപിഎമ്മിലെ സി.പി. നാരായണൻ, കോൺഗ്രസിലെ പി.ജെ. കുര്യൻ, കേരള കോൺഗ്രസിലെ ജോയി എബ്രഹാം എന്നിവരുടെ കാലാവധിയാണ് ജൂലെെയ് ഒന്നിനു പൂർത്തിയാകുന്നത്.