എടത്തല പോലീസ് അതിക്രമം നിയമസഭയിൽ “ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ലെ”ന്ന് മുഖ്യമന്ത്രി

പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.

0

തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും നിയമസഭ പ്രക്ഷുബ്ധമായി. ആലുവ എടത്തലയിൽ പോലീസ് യുവാവിനെ മർദ്ദിച്ച സംഭവമാണ് ഇന്ന് സഭയെ ബഹളമുഖരിതമാക്കിയത്. സംഭവം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇതിന് മുഖ്യമന്ത്രി മറുപടി പറ‍യവേയാണ് പ്രതിപക്ഷം ബഹളം വച്ചത്. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ബഹളത്തിനിടയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.

തന്‍റെ വാഹനത്തിൽ പോലീസ് വാഹനം ഇടിച്ചപ്പോൾ ഉസ്മാൻ പ്രതികരിച്ചത് സ്വാഭാവികമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. എന്നാൽ, ഉസ്മാനാണ് പോലീസിനോട് ആദ്യം തട്ടിക്കയറിയതെന്നും പോലീസ് വാഹനത്തിന്‍റെ ഡ്രൈവറെ കൈയേറ്റം ചെയ്യുന്നതിന് ഉസ്മാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംഭവത്തിൽ കുറ്റക്കാരായ പോലീസുദ്യോഗസ്ഥർ‌ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തന്നെ സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്നു സമ്മതിച്ച മുഖ്യമന്ത്രി നിയമപരമായി പ്രവർത്തിക്കുന്നതിനു പകരം സാധാരണക്കാരുടെ നിലവാരത്തിലേക്ക് പോലീസ് തരംതാഴരുതായിരുന്നുവെന്നും കൂട്ടിച്ചേർത്തു. സംഭവത്തിന്‍റെ പേരിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയവരിൽ തീവ്രസ്വഭാവമുള്ള സംഘടനകളുണ്ടായിരുന്നുവെന്നും അതിലുണ്ടായിരുന്ന ചിലരെയെങ്കിലും സ്ഥലം എംഎൽഎ ആയ അൻവർ സാദത്തിന് അറിയാമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു ശേഷമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ച ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്ന പരാമർശം മുഖ്യമന്ത്രി നടത്തിയത്.

ഇതിനു പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതോടെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

You might also like

-