സ്വപനക്ക് ലോക്കർ എടുത്തു നൽകിയത് ശിവശങ്കർ കൂടുതൽ അന്വേഷണം വേണം ഇ ഡി

ശിവശങ്കറും സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും തമ്മിലുള്ള വാട്സാപ്പ് സന്ദേശം ലഭിച്ചതായും ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു

0

കൊച്ചി:സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് ലോക്കര്‍ എടുത്തു നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെന്ന് ഇഡി. ശിവശങ്കറിനെതിരെ ആഴത്തിലുളള അന്വേഷണം വേണമെന്ന് ഇ.ഡി. വ്യക്തമാക്കി. ശിവശങ്കറും സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും തമ്മിലുള്ള വാട്സാപ്പ് സന്ദേശം ലഭിച്ചതായും ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ചുള്ള ചില വാട്സാപ്പ് സന്ദേശങ്ങളിൽ ദുരൂഹതയുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.ഇ ഡി കൊച്ചിയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയകുറ്റപത്രത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന പ്രഭാസുരേഷിന്‍റെ ബാങ്ക് ലോക്കർ തുറക്കാൻ സഹായിച്ചത് എം ശിവശങ്കറാണെന്ന് നേരത്തേ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാൽ അയ്യർ മൊഴി നൽകിയിരുന്നു. ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണ് ലോക്കർ തുറന്നുകൊടുത്തതും മറ്റ് സഹായങ്ങൾ നൽകിയതും. ഇത് സംബന്ധിച്ച് ശിവശങ്കറും വേണുഗോപാൽ അയ്യരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളിൽ ഇനിയും വ്യക്തതയില്ലെന്നാണ് ഇഡി കുറ്റപത്രം പറയുന്നത്.

പണം കൈമാറുന്നതിനെക്കുറിച്ച് സന്ദേശങ്ങളിൽ പറയുന്നുണ്ട്. ചില അക്കങ്ങൾ 35, 1.5 എന്നിങ്ങനെയെല്ലാം ഈ ചാറ്റിൽ പറയുന്നുണ്ട്. സാറ എന്ന വ്യക്തിയെക്കുറിച്ച് പറയുന്നുണ്ട്. മുറിയിൽ ഒറ്റയ്ക്കുള്ളപ്പോൾ എന്നെ വിളിക്കണം, ചില കാര്യങ്ങൾ പറയാനുണ്ട് എന്ന് ഈ ചാറ്റിൽ പരാമർശിക്കുന്നു. പണം കൈമാറുന്നതിനെക്കുറിച്ചാണ് ഈ പരാമർശങ്ങളെല്ലാം എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ചോദ്യം ചെയ്യലിൽ വിശദമായി ചോദിച്ചപ്പോൾ, ശിവശങ്കർ മൗനം പാലിക്കുകയായിരുന്നു. കൃത്യമായി മറുപടി നൽകാനും തയ്യാറായില്ല. ഡിജിറ്റൽ തെളിവുകൾ വിലയിരുത്തി ഇക്കാര്യങ്ങൾ പരിശോധിക്കും. അതിന് ശേഷം വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഫോഴ്സ്മെന്‍റ് കുറ്റപത്രത്തിൽ പറയുന്നു.സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് ഇഡി പ്രാഥമിക കുറ്റപത്രം നൽകിയിരിക്കുന്നത്. എം ശിവശങ്കർ ഉൾപ്പടെയുള്ളവരെ പ്രതികളായി ചേർത്തിട്ടില്ല.