നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ് പി ഹരികുമാർ തൂങ്ങിമരിച്ചനിലയിൽ
കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ് പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയം. ഇയാള്‍ കര്‍ണാടകത്തില്‍ ആയിരുന്നുവെന്നാണ് പൊലീസിനുണ്ടായിരുന്ന സൂചന. നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.
കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്‍റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ സനലിനെ ഡിവൈഎസ് പി ഹരികുമാര്‍ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനായിരുന്നില്ല. മുന്‍കൂർ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതക കേസ് മാത്രമായിരുന്നു ലോക്കല്‍ പൊലീസ് ഹരികുമാറിനെതിരെ ആദ്യം ചുമത്തിയിരുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസിനെ കബളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, സംഘംചേരല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളും ഹരികുമാറിനെതിരെ ചുമത്തിയിരുന്നു.