കർണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍

സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെതിരെ കേസെടുത്തത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കുകയുണ്ടായി

0

ബെംഗളൂരു :കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡി.കെയെ ചോദ്യംചെയ്തുവരികയായിരുന്നു.സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവകുമാറിനെതിരെ കേസെടുത്തത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കുകയുണ്ടായി.”ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. നിയമപോരാട്ടം വിജയിക്കും. തന്നെ അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള ഉദ്യമത്തിൽ വിജയിച്ച ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനം”, എന്നായിരുന്നു അറസ്റ്റിന് ശേഷം ശിവകുമാറിന്‍റെ പ്രതികരണം

അറസ്റ്റ് തടയണമെന്ന ശിവകുമാറിന്റെ ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി ശിവകുമാറിന് സമന്‍സ് അയച്ചത്. പാര്‍ട്ടിയുടെ മുന്‍നിര നേതാക്കന്‍മാരെ ബി.ജെ.പി വേട്ടയാടുകയാണെന്നും കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു. അധികാര ദുര്‍വിനിയോഗമാണ് ബി.ജെ.പി നടത്തുന്നതെന്നും പ്രതിപക്ഷ നേതാക്കളാണ് അവരുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയംകർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് പുറത്തിറക്കിയപ്പോൾ അരങ്ങേറിയത് വലിയ പ്രതിഷേധം. ശിവകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകവെ എൻഫോഴ്‍സ്മെന്‍റ് വാഹനത്തിന് ചുറ്റും വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ കാർ തടഞ്ഞു. വലിയ രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

രാത്രി ഒമ്പത് മണിയോടെ പുറത്തിറക്കിയ ശിവകുമാറിനെ കോൺഗ്രസ് പ്രവർത്തകർ വളയുകയായിരുന്നു. തുടർന്ന് തിരക്കിനിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് എൻഫോഴ്‍സ്മെന്‍റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ വാഹനത്തിന് അടുത്തെത്തിച്ചത്. പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ട ശിവകുമാർ കാറിന് മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ‘തംബ്‍സ് അപ്പ്’ കാണിക്കുകയും ചെയ്തു

കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശിവകുമാര്‍ ആയിരുന്നു. ഇതോടെയാണ് ഡി.കെയെ ബി.ജെ.പി ലക്ഷ്യംവെച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം

You might also like

-