ഉമ്മൻചാണ്ടിയും ചെന്നിത്തലയും അഴിമതിക്കാരെന്ന് ആവർത്തിച്ച് കെ കെ രാമചന്ദ്രൻ.

ഉമ്മൻചാണ്ടിക്കും അന്നത്തെ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലക്കും ടൈറ്റാനിയം അഴിമതിക്കേസില്‍ പങ്കുണ്ടെന്നായിരുന്നു രാമചന്ദ്രന്‍റെ ആരോപണം. ടൈറ്റാനിയം അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയെന്നും സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും കെ കെ രാമചന്ദ്രന്‍ പറഞ്ഞു.

0

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ ഉമ്മൻചാണ്ടിയും ചെന്നിത്തലയും അഴിമതിക്കാരെന്ന് ആവർത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രൻ. വിജിലൻസ് അന്വേഷണം പ്രഹസനം മാത്രമായിരുന്നെന്ന് മുന്‍ മന്ത്രികൂടിയായ രാമചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ കെ കെ രാമചന്ദ്രന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്നാണ് ടൈറ്റാനിയം അഴിമതിക്കേസ് അന്ന് വീണ്ടും സജീവമാകുന്നത്.ഉമ്മൻചാണ്ടിക്കും അന്നത്തെ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലക്കും ടൈറ്റാനിയം അഴിമതിക്കേസില്‍ പങ്കുണ്ടെന്നായിരുന്നു രാമചന്ദ്രന്‍റെ ആരോപണം.

ടൈറ്റാനിയം അഴിമതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തിയെന്നും സിബിഐ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും കെ കെ രാമചന്ദ്രന്‍ പറഞ്ഞു.ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ ആരോപണം നേരിടുന്ന കേസാണ് ടൈറ്റാനിയം കേസ്. തിരുവനന്തപുരത്തെ ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിച്ചതിൽ 256 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കുമ്പോഴാണ് ടൈറ്റാനിയത്തിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനമെടുത്തത്.

ഫിൻലാന്‍റ് ആസ്ഥാനമായി കെമൻറോ ഇക്കോ-പ്ലാനിംഗ് എന്ന കമ്പനിയിൽ നിന്നും 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനായിരുന്നു കരാർ. അഴിമതി അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഉദ്യോഗസ്ഥരെയും കരാറുകാരും ഉള്‍പ്പെടെ ആറുപേരെ പ്രതിയാക്കി 2014ൽ വിജിലൻസ് റിപ്പോർട്ട് നൽകി. 86 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. പ്ലാന്‍റ് സ്ഥാപിക്കാനായി ഇറക്കുമതി ചെയ്ത ഒരു ഉപകരണം പോലും സ്ഥാപിച്ചില്ല.

ഒന്നാംഘട്ട പണി പൂർത്തിയാകുന്നതിന് മുമ്പേ രണ്ടാംഘട്ട നിർമ്മാണത്തിന് വേണ്ടി പണം കമ്പനിക്ക് കൈമാറിയെന്നും കണ്ടെത്തി. എന്നാൽ വിജിലനസ് റിപ്പോർട്ട് തള്ളിയ കോടതി രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കാൻ ഉത്തരവിട്ടു. വിദേശ കമ്പനി ഉള്‍പ്പെട്ട കേസായതിനാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് വിജിലൻസ് സർക്കാരിന് ശുപാർശ കൈമാറിയിരുന്നു. ഈ ശുപാർശ കണക്കിലെടുത്താണ് സർക്കാരിന്‍റെ ഇപ്പോഴത്തെ തീരുമാനം. അതേസമയം ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം നടക്കട്ടെ, തകരാര്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

You might also like

-