മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി ,സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി
കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി,സുരക്ഷാ കാരണങ്ങളാൽ കേന്ദ്രസർക്കാർ ലൈസൻസ് പുതുക്കി നൽകാത്തതിനെ ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജിയാണ് തളളിയത്
കൊച്ചി| മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവര്‍ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി,സുരക്ഷാ കാരണങ്ങളാൽ കേന്ദ്രസർക്കാർ ലൈസൻസ് പുതുക്കി നൽകാത്തതിനെ ചോദ്യം ചെയ്ത് മീഡിയ വൺ ചാനൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജിയാണ് തളളിയത് . ഇതോടെ മീഡിയ വണ്ണിന്റെ വിലക്ക് തുടരും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങൾ സിംഗിൾ ബെഞ്ചിന് മുമ്പാകെ കൈമാറിയിരുന്നത്
ചീഫ് ജസ്റ്റിസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്രസർക്കാരിന്റെ നടപടിയിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെക്കുകയാണെന്നും ഹർജിക്കാരോട് പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ അഭിഭാഷകൻ മുദ്രവെച്ച കവറിൽ ഡിവിഷൻ ബെഞ്ച് മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിലെ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്. ഡിവിഷൻ ബെഞ്ചും ഹർജി തള്ളിയതോടെ മീഡിയാ വൺ ചാനൽ ഇനി സുപ്രീംകോടതിയെ സമീപിച്ചേക്കും.
ജനുവരി 31 നാണ് മീഡിയാ വണ്ണിന് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളെ തുടർന്ന് ചാനലിന്റെ ലെെസൻസ് പുതുക്കി നൽകാൻ കേന്ദ്രസർക്കാർ വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെ മാനേജ്മെന്റ് നൽകിയ ഹർജി ഹെെക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയത്.