പിറവം പള്ളി തർക്കം: ഡിവിഷൻ ബ‌ഞ്ച് പിൻമാറി

ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. എന്നാൽ യാക്കോബായ സഭയ്ക്ക് ഹർജിക്കാരനെ അറിയില്ലെന്ന് സഭാ നേതൃത്വം പ്രതികരിച്ചു. പള്ളി തർക്ക കേസിൽ കക്ഷി ചേരാനെത്തിയ കാട്ടാച്ചിറയിലെ യാക്കോബായ സഭ വിശ്വാസിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിൻമാറണമെന്ന ആവശ്യം കോടതിയെ അറിയിച്ചത്.

0

കൊച്ചി: പിറവം പള്ളി തർക്ക കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസുമാരായ പി ആർ രാമചേന്ദ്ര മേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് പിൻമാറി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിഭാഷകനായിരിക്കെ യാക്കോബായ വിഭാഗത്തിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടുള്ള ഒരു ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് പിന്മാറ്റം. ഇത്തരമൊരു ഹര്‍ജി വന്ന സാഹചര്യത്തില്‍ കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റമെന്ന് ജസ്റ്റിസുമാര്‍ പറഞ്ഞു.

ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. എന്നാൽ യാക്കോബായ സഭയ്ക്ക് ഹർജിക്കാരനെ അറിയില്ലെന്ന് സഭാ നേതൃത്വം പ്രതികരിച്ചു. പള്ളി തർക്ക കേസിൽ കക്ഷി ചേരാനെത്തിയ കാട്ടാച്ചിറയിലെ യാക്കോബായ സഭ വിശ്വാസിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിൻമാറണമെന്ന ആവശ്യം കോടതിയെ അറിയിച്ചത്.

അഭിഭാഷകനായിരിക്കെ യാക്കോബായ സഭയുമായി ബന്ധപ്പെട്ട ഒരു കേസിൽ ദേവൻ രാമചന്ദ്രന ഹാജരായിട്ടുണ്ടെന്നും ഇത്തരമൊരാൾ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ തുടരുമ്പോൾ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുമെന്നുമായിരുന്നു ഹ‍‍ർജി. എന്നാൽ ഹ‍ർജിക്കാരനെ ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.

ആറ് മാസം മുമ്പ് കേസ് പരിഗണിക്കുമ്പോൾ തന്നെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേസ് കേൾക്കുന്നതിൽ എതിർപ്പുണ്ടോ എന്ന് ഇരു കക്ഷികളോടും കോടതി ആരാഞ്ഞിരുന്നു. അന്ന് ആരും എതിർപ്പ് അറിയിച്ചില്ല. ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത് ശരിയായ രീതിയല്ല. ബ‌െഞ്ച് മാറ്റം ഉണ്ടാക്കി വിധി അനുകൂലമാക്കിയെടുക്കാമെന്ന ഹർ‍ജിക്കാരന്‍റെ താൽപ്പര്യം ഏറ്റവും മോശം പ്രവൃത്തിയാണെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

എന്നാൽ ഭാവിയിൽ തങ്ങളുടെ വിശ്വാസ്യതയിൽ ഇനിയും സംശയം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പിൻമാറുകയാണെന്നും ജിഡ്ജിമാർ അറിയിക്കുകയായിരുന്നു. പള്ളി തർക്ക കേസിലെ രണ്ട് കക്ഷികളും എജിയും ജഡ്ജിമാർ പിൻമാറരുതെന്ന നിലപാടെടുത്തിരുന്നു. ഇത്തരമൊരു ഹ‍ർജിയെക്കുറിച്ച് അറിവില്ലെന്ന് യാക്കോബായ സഭാ നേതൃത്വവും നിലപാടെടുത്തു.

രാവിലെ കേസ് പരിഗണിച്ച കോടതി പള്ളി തർക്കത്തിൽ സമവായ ചർച്ചയുമായി സർക്കാറിന് മുന്നോട്ട് പോകുന്നതിൽ തടസമില്ലെന്നായിരുന്നു നിലപാടെടുത്തത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാറിന് ഉചിതമായ നടപടി എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. പൊലീസ് നടപടി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമാണെന്നുമായിരുന്നു നിരീക്ഷണം. കേസ് തുടർന്ന് കേൾക്കുന്നതിൽ നിന്ന്. ജഡ്ജിമാർ പിൻമാറിയ സാഹചര്യത്തിൽ ഇനി കേസ് ആര് കേൾക്കുമെന്നത് സംബന്ധിച്ച തീരുമാനം ചീഫ് ജസ്റ്റിസ് കൈക്കൊള്ളും.

You might also like

-