ദിലീപിന്‍റെ അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ വീണ്ടും പരാതി നൽകി,കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും

സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത നൽകിയ പരാതിയിൽ പറയുന്നത്.

0

കൊച്ചി| നടിയെ ആക്രമിച്ച കേസിൽ അതിജീവിത ബാർ കൗൺസിലിൽ വീണ്ടും പരാതി നൽകി. നേരത്തെ നൽകിയ പരാതിയിൽ പിഴവ് ഉണ്ടായിരുന്നതിനാൽ ഇത് തിരുത്തിയാണ് പുതിയ അപേക്ഷ സമർപ്പിച്ചത്. ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും കേരള ബാർ കൗൺസിലിനെ സമീപിച്ചത്. പുതിയ പരാതിയിൽ ബാർ കൗൺസിൽ തുടർ നടപടികൾ തുടങ്ങി. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത നൽകിയ പരാതിയിൽ പറയുന്നത്. കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നാണ് ആവശ്യം.

നേരത്തെ നൽകിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടി ബാർ കൗൺസിൽ മടക്കിയിരുന്നു. ഇന്ന് 2500 രൂപ ഫീസും, 30 കോപ്പിയും സഹിതം നേരിട്ട് പരാതി നൽകി. പരാതിയിൽ ഉടൻ ആരോപണ വിധേയരായ അഭിഭാഷകരുടെ വിശദീകരണം തേടുമെന്ന് കേരള ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽകുമാർ വ്യക്തമാക്കി.

ഇതിനിടെ നടി കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപിന്‍റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ അന്വേഷണ സംഘം പ്രതി ചേർത്ത് ആലുവ മജിസ്ടേറ്റ് കോടതിയൽ റിപ്പോർട്ട് നൽകി. കേസിൽ മുൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ വിൻസെന്‍റ് ചൊവ്വല്ലൂരിനെ ക്രൈം ബ്രാ‌ഞ്ച് ചോദ്യം ചെയ്തു. ദീലീപിന്റെ ഫോണുകളിലെ തെളിവ് നീക്കാൻ സ്വകാര്യ ലാബ് പരിചയപ്പെടുത്തി കൊടുത്ത കേസിലാണ് ചോദ്യം ചെയ്യൽ. അഭിഭാഷകർക്ക് മുംബൈയിലെ ലാബ് പരിചയപ്പെടുത്തിയത് വിൻസന്‍റ് ചൊവ്വല്ലൂർ ആണ്.

കേസിൽ കൂടുതൽ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വിദേശത്തുള്ള നടിയുടെ മൊഴിയും ഉടൻ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.കാവ്യയെ കൂടാതെ ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെയും കേസിൽ ചോദ്യം ചെയ്യും. മുഖ്യപ്രതി പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.

You might also like

-