ബാലേന്ദ്രകുമാറിന്റെ അഭിമുഖം, റിപ്പോർട്ടർ ചാനൽ നടത്തുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് ദിലീപ്
സംസ്ഥാന സർക്കാരിനും റിപ്പോർട്ടർ ടിവി എഡിറ്റർ എംവി നികേഷ് കുമാറിനും അയച്ച വക്കീൽ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.റിപ്പോർട്ടർ ചാനൽ ഡിസംബർ 25ന് സംപ്രേക്ഷണം ചെയ്ത അഭിമുഖം മനപ്പാഠം പഠിച്ച് തയ്യാറാക്കിയതാണ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ചാനൽ നടത്തുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് ദിലീപ്. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നതെന്ന് ദിലീപ് പറയുന്നു. സംസ്ഥാന സർക്കാരിനും റിപ്പോർട്ടർ ടിവി എഡിറ്റർ എംവി നികേഷ് കുമാറിനും അയച്ച വക്കീൽ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.റിപ്പോർട്ടർ ചാനൽ ഡിസംബർ 25ന് സംപ്രേക്ഷണം ചെയ്ത അഭിമുഖം മനപ്പാഠം പഠിച്ച് തയ്യാറാക്കിയതാണ്. നിരന്തരമായ റിഹേഴ്‌സലിന് ശേഷമാണ് അഭിമുഖം ടെലികാസ്റ്റ് ചെയ്തത്. റിപ്പോർട്ടർ ചാനലും നികേഷ് കുമാറും ചേർന്ന് വ്യാജ വാർത്ത റിപ്പോർട്ട് ചെയ്യുകയാണ്. പ്രൊപ്പഗാൻഡയാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നതെന്നും ദിലീപിനായി രാമൻപിള്ള അസോസിയേറ്റ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
കേസിലെ ഇൻ ക്യാമറ പ്രൊസീഡിംഗ്സിന്റെ ലംഘനമാണ് ഇതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാരിനെ പ്രതിനിധീകരിക്കുന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർക്കും ദിലീപ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്ന് ബാലചന്ദ്രകുമാറാണ് വെളിപ്പെടുത്തിയത്.
കേസില്‍ കൊച്ചിയിലെ റെക്കോര്‍ഡിങ് സ്റ്റുഡിയോയുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ച് സ്റ്റുഡിയോ മാനേജര്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരിടപാടും സ്റ്റുഡിയോയില്‍ നടന്നിട്ടില്ലെന്ന് മാനേജര്‍ പ്രതികരിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെക്കോര്‍ഡിങ് സ്റ്റുഡിയോക്കെതിരെ അന്വേഷണം നീളുന്നത്.
പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഈ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിനെ കുറിച്ച് വ്യക്തമാക്കുന്ന സംഭാഷണം സ്വന്തം ടാബില്‍ റെക്കോര്‍ഡ് ചെയ്തത് ബാലചന്ദ്രകുമാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
അതിനിടെ കേസില്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായി എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും വിശദമായ തുടരന്വേഷണത്തിന് പൊലീസിനോട് നിര്‍ദേശം നല്‍കിയിരുന്നു. ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഇനി എങ്ങനെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാം എന്നതടക്കം യോഗത്തില്‍ ചര്‍ച്ചയാകും. പുനര്‍ വിസ്താരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ജീവന് ജയിലിനുള്ളില്‍ ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് സുനിലിന്റെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കും. സുനി 2018ല്‍ അമ്മയ്ക്ക് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു.