കേരളത്തിൽ റെക്കോഡ‌് ഭേദിച്ച് ഡീസൽവില; പണപ്പെരുപ്പം; സാധാരണക്കാരന്‍റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും കൂട്ടി

തിങ്കളാഴ‌്ച ഡീസൽ ലിറ്ററിന‌് എട്ട‌് പൈസ വർധിപ്പിച്ചു. തുടർച്ചയായ പത്താം ദിവസമാണ‌് ഡീസൽവില കൂട്ടിയത‌്. പത്തുദിവസത്തിനകം ഒരു ലിറ്റർ ഡീസൽവിലയിൽ 2.51 രൂപയുടെ വർധനയാണ‌ുണ്ടായത‌്. ഒക്ടോബർ നാലിന‌് ഇന്ധനവിലവർധനയിൽ വരുത്തിയ രണ്ടര രൂപയുടെ കുറവ‌് ഡീസലിന്റെ കാര്യത്തിൽ പൂർണമായും നികത്തപ്പെട്ടു.

0

തിരുവനന്തപുരം :ഇന്ധനവില വർധന തടയാനുള്ള മാർഗങ്ങൾ ചർച്ചചെയ്യാൻ പ്രധാനമന്ത്രി എണ്ണകമ്പനികളുടെ യോഗം വിളിച്ച തിങ്കളാഴ‌്ചയും ഡീസൽവില കൂട്ടി. ഇന്ധനവിലവർധനയ‌്ക്കൊപ്പം പണപ്പെരുപ്പവും ഉയർന്നു.
മൊത്ത വിലസൂചിക പ്രകാരമുള്ള പണപ്പെരുപ്പം സെപ‌്തംബറിൽ 5.13 ശതമാനമായി ഉയർന്നു. ചില്ലറ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും വർധിച്ചു.
തിങ്കളാഴ‌്ച ഡീസൽ ലിറ്ററിന‌് എട്ട‌് പൈസ വർധിപ്പിച്ചു. തുടർച്ചയായ പത്താം ദിവസമാണ‌് ഡീസൽവില കൂട്ടിയത‌്. പത്തുദിവസത്തിനകം ഒരു ലിറ്റർ ഡീസൽവിലയിൽ 2.51 രൂപയുടെ വർധനയാണ‌ുണ്ടായത‌്. ഒക്ടോബർ നാലിന‌് ഇന്ധനവിലവർധനയിൽ വരുത്തിയ രണ്ടര രൂപയുടെ കുറവ‌് ഡീസലിന്റെ കാര്യത്തിൽ പൂർണമായും നികത്തപ്പെട്ടു.

വിലവർധന ഏറ്റവും ദോഷമായി ബാധിക്കുന്ന കേരളത്തിൽ ഡീസലിന്റെ വില റെക്കോഡ‌് ഭേദിച്ചു. തിരുവനന്തപുരത്ത‌് ഒരു ലിറ്റർ ഡീസലിന്റെ വില 80.75 രൂപയായി. കൊച്ചിയിൽ 79.23 രൂപയും. പെട്രോൾവിലയിൽ പത്തുദിവസത്തിനിടെ 1.22 രൂപ കൂട്ടി.ഇന്ധന–ഊർജസൂചികയിൽ വന്ന 2.2 ശതമാനത്തിന്റെ കുതിപ്പുണ്ടായതോടെ സെപ‌്തംബറിൽ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക 5.13 ശതമാനത്തിലേക്ക‌് ഉയർന്നു. ആഗസ‌്ത‌ിലിത‌് 4.53 ശതമാനമായിരുന്നു. കഴിഞ്ഞ സെപ‌്തംബറിൽ 3.14 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം.

ഭക്ഷ്യവസ‌്തുക്കളുടെ സൂചികയിലും ഭക്ഷ്യേതര വസ‌്തുക്കളുടെ സൂചികയിലും 0.2 ശതമാനത്തിന്റെ കുറവുണ്ടായി. മത്സ്യം, മുട്ട, പഴങ്ങൾ, പച്ചക്കറികൾ ചില പരിപ്പുവർഗങ്ങൾ എന്നിവയുടെ വില കുറഞ്ഞപ്പോൾ ഗോതമ്പ‌്, കോഴി, തേയില, ബീഫ‌്, മട്ടൺ, ബാർലി തുടങ്ങിയവയുടെ വില കൂടി.

പെട്രോൾ– ഡീസൽ വില നാലു ശതമാനവും എൽപിജി വില മൂന്ന‌് ശതമാനവും മണ്ണെണ്ണ വില രണ്ട‌് ശതമാനവും എടിഎഫ‌് വില ഒരു ശതമാനവും വർധിച്ചു. നാഫ‌്ത വില രണ്ടുശതമാനവും കൽക്കരി വില 0.2 ശതമാനവും വർധിച്ചു.ഉപഭോക്‌തൃവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക ആഗസ‌്തിലെ 3.69 ശതമാനത്തിൽനിന്ന‌് സെപ‌്തംബറിൽ 3.77 ശതമാനമായി ഉയർന്നിരുന്നു.വ്യാവസായിക വളർച്ചയിലുണ്ടായ ഇടിവിനൊപ്പമാണ‌് പണപ്പെരുപ്പം ഉയരുന്നത‌്. ഇത‌് സമ്പദ‌്‌വ്യവസ്ഥയ‌്ക്ക‌് ഇരട്ട ആഘാതമായി വിലയിരുത്തപ്പെടുന്നു.

You might also like

-