50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യം :പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ആന്ധ്ര പ്രദേശില്‍ ടി.ഡി.പിയുടെ ശക്തികേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായതെന്നാണ് ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം.
ഡൽഹി : 50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യം സുപ്രീംകോടതിയിൽ വീണ്ടും ഉന്നയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം. അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണിയാല്‍ മതിയെന്ന ഉത്തരവില്‍ തൃപ്തിയില്ല. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായതടക്കമുള്ള സംഭവങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ആന്ധ്ര പ്രദേശില്‍ ടി.ഡി.പിയുടെ ശക്തികേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ വ്യാപകമായി തകരാറിലായതെന്നാണ് ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം. പ്രതികാര ബുദ്ധിയോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും നായിഡു പറഞ്ഞു. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ്, സി.പി.എം, എ.എ.പി അടക്കം 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പിലെ സുതാര്യക്കുറവ്, വോട്ടിങ് യന്ത്രങ്ങളുടെ തകരാറ് എന്നീ വിഷയങ്ങള്‍ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്തു.
ആറ് ദിവസം വിവിപാറ്റ് എണ്ണാന്‍ വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതിക്ക് തെരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് എന്താണെന്ന് അറിയില്ല. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് അറിയാം. ഇതൊന്നും കണ്ട് നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
വിവിപാറ്റ് രസീത് ഏഴ് സെക്കന്‍റിന് പകരം വെറും മൂന്ന് സെക്കന്‍റ് മാത്രമേ വോട്ടര്‍മാര്‍ക്ക് കാണാനാകുന്നുള്ളൂ. ലക്ഷക്കണക്കിന് വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയതതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.