ഡൽഹി നിയമ സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടിംഗ് ശതമാനം 62.59

ശനിയാഴ്ച വൈകിട്ട് 6 മണിവരെ നടന്ന വോട്ടെടുപ്പിൽ 62.59 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു

0

ഡൽഹി: ഡൽഹി നിയമ സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ശനിയാഴ്ച വൈകിട്ട് 6 മണിവരെ നടന്ന വോട്ടെടുപ്പിൽ 62.59 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഞായറാഴ്ച വാർത്താ സമ്മേളനത്തിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടാൻ വൈകുന്നതിനെതിരെ എഎപി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹത ആരോപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിട്ടത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് 2 ശതമാനം വർധന ഉണ്ടായിട്ടുണ്ടെന്ന് ഡൽഹി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രൺബീർ സിംഗ് പറഞ്ഞു. ബല്ലിമാരൻ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 71.6 ശതമാനമാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ഡൽഹി കൻറോൺമെന്റിലാണ് ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 45.4 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്- സിംഗ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസം അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടേണ്ടി വന്നതിൽ അസ്വാഭാവികത ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പല ഘട്ടത്തിലായി സൂക്ഷ്മ പരിശോധന നടത്തേണ്ടി വന്നതിനാലാണ് അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടാൻ വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടാൻ വൈകുന്നതിനെതിരെ കെജ്രിവാൾ നേരത്തെ രംഗത്തെത്തിയിരുന്നു.’തികച്ചും ഞെട്ടിക്കുന്നത്’ എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ അരവിന്ദ് കെജ് രിവാള്‍ വിശേഷിപ്പിച്ചത്. ‘തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നത്? വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് വോട്ടിങ് ശതമാനം എത്രയാണെന്ന് അവര്‍ വെളിപ്പെടുത്താത്തത്? ‘ കെജ്രിവാൾ ചോദിച്ചു

You might also like

-