കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 32 ആയി. നിരവധിപേരുടെ നില ഗുരുതരം

ഫൊറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്. ഗോവിന്ദരാജ് എന്നയാളില്‍ നിന്നാണ് ദുരന്തത്തില്‍പ്പെട്ടവര്‍ മദ്യം വാങ്ങിക്കഴിച്ചത്

0

ചെന്നൈ| തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 32 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. വിഷ മദ്യ ദുരന്തത്തില്‍ 60ലധികം പേർ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള ഒമ്പതു പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. എസ്പിയെ സസ്പെൻഡ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

ഫൊറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്. ഗോവിന്ദരാജ് എന്നയാളില്‍ നിന്നാണ് ദുരന്തത്തില്‍പ്പെട്ടവര്‍ മദ്യം വാങ്ങിക്കഴിച്ചത്. കസ്റ്റഡിയിലെടുത്ത ഗോവിന്ദരാജിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

അപകടത്തില്‍ കളക്ടറെ മാറ്റിയതിന് പിന്നാലെ പുതിയ കളക്ടര്‍ എം എസ് പ്രശാന്ത് ചുമതലയേല്‍ക്കും. ദുരന്തത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. ദുരന്തം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി. വിഷയം നിയമസഭയില്‍ ഉന്നയിക്കും. സംഭവത്തില്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടേക്കും.

സാധാരണക്കാരായ തൊഴിലാളികളാണ് മരിച്ചവരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളവരും. സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്. മരിച്ചവരുടെ കാഴ്ചയും കേള്‍വിയുമാണ് ആദ്യം നഷ്ടപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശക്തമായ വയറുവേദനയും ഛര്‍ദ്ദിയും കൂടിയായതോടെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വില്ലുപുരത്ത് വ്യാജമദ്യ ദുരന്തത്തില്‍ 22 പേര്‍ മരിച്ച സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്.

You might also like

-