കെ എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ വകുപ്പ് തല നടപടിയില്‍ അന്വേഷണം തുടങ്ങി

പ്രിന്‍സിപ്പല്‍ സെക്രട്ടറി സജ്ഞയ് ഗാര്‍ഗ് അദ്ധ്യക്ഷനായ സമിതിയ്ക്ക് മുന്‍പാകെ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായി മൊഴി നല്‍കി.

0

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകട മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വകുപ്പ് തല നടപടിയില്‍ അന്വേഷണം തുടങ്ങി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സജ്ഞയ് ഗാര്‍ഗ് അദ്ധ്യക്ഷനായ സമിതിയ്ക്ക് മുന്‍പാകെ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായി മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലാണ് ശ്രീറാം വെങ്കിട്ടരാമന്‍.അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയപ്പോള്‍ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചു എന്ന ആരോപണങ്ങളുള്‍പ്പടെ ശ്രീറാം വെങ്കിട്ടരാമന്‍ നിഷേധിച്ചു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം യാത്രചെയ്തിരുന്ന വഫാ ഫിറോസിന്റെ രഹസ്യമൊഴി ഉള്‍പ്പടെ ഹാജരാക്കിയായിരുന്നു പരാതിക്കാരന്റെ വാദം. പരാതിക്കാരനായ സിറാജ് മാനേജ്‌മെന്റ പ്രതിനിധി സെയ്ഫുദ്ദീന്‍ ഹാജിയും അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കി.

അപകട മരണത്തിന് കേസെടുത്ത മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ എസ് ഐ ഹരിലാലില്‍ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. അപകടം നടക്കുമ്പോള്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ദിനേന്ദ്ര കശ്യപിനോട് മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ സജ്ഞയ് ഗാര്‍ഗ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണവും തുടരുകയാണ്.

കെ എം ബഷീര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കേസില്‍ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മൂന്നാം തീയതിയാണ് കെഎം ബഷീര്‍ മരണപ്പെടുന്നത്. സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതു വരെ ക്രൈം ബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഫോറന്‍സിക് ഫലം ലഭിക്കാത്തതാണ് കുറ്റപത്രം വൈകുന്നതിനു കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം

You might also like

-