അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് തിരിച്ചയക്കുമെന്ന് സി വി വർഗീസ്

ഡീന്‍ കുര്യാക്കോസ് കുരുടനാണെന്ന് സി വി വര്‍ഗീസ് പറഞ്ഞു. തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തേക്കൊണ്ട് ഇല്ല. തന്നെ കവലച്ചട്ടമ്പിയെന്നാണ് ഡീന്‍ വിളിച്ചത്.

0

ഇടുക്കി | ഡീന്‍ കുര്യാക്കോസ് എംപിയ്ക്ക് എതിരെ വിവാദ പരാമർശവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് . അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് തിരിച്ചയക്കുമെന്ന് സി വി വർഗീസ് പറഞ്ഞു. പാര്‍ട്ടിയെ സംരക്ഷയിക്കാന്‍ കവല ചട്ടമ്പിയുടെ വേഷമാണ് ചേരുന്നതെങ്കില്‍ അത് അണിയാന്‍ മടിയില്ലെന്നും സി.വി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു. നെടുങ്കണ്ടത്ത് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എകെജി, ഇഎംഎസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വര്‍ഗീസ്.

ഡീന്‍ കുര്യാക്കോസ് കുരുടനാണെന്ന് സി വി വര്‍ഗീസ് പറഞ്ഞു. തേരാപ്പാര നടക്കുന്നതല്ലാതെ ഇടുക്കിക്ക് ഒരു റോഡിന്റെ പ്രയോജനം പോലും ഇദ്ദേഹത്തേക്കൊണ്ട് ഇല്ല. തന്നെ കവലച്ചട്ടമ്പിയെന്നാണ് ഡീന്‍ വിളിച്ചത്. ‘സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഞാന്‍ കവലച്ചട്ടമ്പിയാകും,’ സി വി വര്‍ഗീസ് പറഞ്ഞു. തമിഴ് വംശജരെ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് അനീഷ് രാജന്‍ കൊല്ലപ്പെട്ടതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.കെ സുധാകരനെതിരെയും സിവി വര്‍ഗീസ് ആഞ്ഞടിച്ചു. സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍, കെ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്, പദ്ധതി നടപ്പിലാക്കും. അധിവേഗ റെയിലിന്റെ കല്ല് പിഴുതെടുക്കാന്‍ ശ്രമിയ്ക്കുന്ന കോണ്‍ഗ്രസിനെ, ഇന്ത്യയിലെ ജനങ്ങളാകെ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയുന്നതിനായി, ആളുകള്‍ സംഘടിപ്പിയ്ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തു ചേരുന്നു. മണ്ണെണ്ണ ഒഴിച്ച് ആളുകളെ കൊല്ലാനാണ് യൂത്ത് കോണ്‍ഗ്രസുകാര്‍, സമരത്തിനിടെ ശ്രമിയ്ക്കുന്നതെന്നും സി വി വർഗീസ് പറഞ്ഞു.

എസ്എഫ്ഐ നേതാവ് ധീരജിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്ത് പോകേണ്ടിവരുമെന്നും സി വി വർഗീസ് പറഞ്ഞു. നിഖിൽ പൈലിയുടെ ശിഷ്ട ജീവിതം ജയിലിലായിരിക്കുമെന്നും, അത് പാർട്ടി ഉറപ്പുവരുത്തുമെന്നും സി വി വർഗീസ് പറഞ്ഞു. നിഖിൽ പൈലിയെ പുറത്തിറക്കാൻ സുധാകരനല്ല, കോൺഗ്രസ് ഒന്നാകെ വന്നാലും അനുവദിക്കില്ലെന്നും സി വി വർഗീസ് പറഞ്ഞു.

You might also like