നവയുഗ കലാസന്ധ്യ ജൂൺ 29 ന് ; കാനം രാജേന്ദ്രൻ മുഖ്യാതിഥി

നവയുഗം പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് "നവയുഗ കലാസന്ധ്യ" സംഘടിപ്പിയ്ക്കുന്നത്.

0

ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കലാസാംസ്‌കാരിക പരിപാടിയായ “നവയുഗ കലാസന്ധ്യ”, 2018 ജൂൺ 29 വെള്ളിയാഴ്ച വൈകുന്നേരം ദമ്മാമിൽ അരങ്ങേറുമെന്ന് കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിപാടി ഉത്‌ഘാടനം ചെയ്യും.

കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്ന നവയുഗം പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് “നവയുഗ കലാസന്ധ്യ” സംഘടിപ്പിയ്ക്കുന്നത്. പരിപാടിയുടെ ഭാഗമായി നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ, നവയുഗം നൽകുന്ന സാമൂഹികപ്രവർത്തനത്തിനുള്ള ഇ.ചന്ദ്രശേഖരൻ നായർ സ്മാരക അവാർഡ് ദാനം, നവയുഗത്തിന്റെ ആദ്യകാലപ്രവർത്തകരെ ആദരിയ്ക്കൽ, നവയുഗം മെമ്പർമാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവ കാനം രാജേന്ദ്രൻ നിർവ്വഹിയ്ക്കും. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രശസ്തരും, പ്രതിഭാധനരുമായ കലാകാരന്മാർ അവതരിപ്പിയ്ക്കുന്ന വിവിധങ്ങളായ സംഗീത, നൃത്ത, ഹാസ്യ, കലാപരിപാടികൾ തുടർന്ന് അരങ്ങേറും.

സൗദി അറേബ്യയിലെ സാഹിത്യ, മാധ്യമ, സാമൂഹ്യ-ജീവകാരുണ്യരംഗത്തെ പ്രശസ്തരായ വ്യക്തിത്വങ്ങളും, വിവിധ പ്രവാസി സംഘടനാ നേതാക്കന്മാരും, കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന നവയുഗ കലാസന്ധ്യയിലേക്ക്, എല്ലാ പ്രവാസികളെയും, കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെൻസിമോഹൻ.ജി, ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ എന്നിവർ അറിയിച്ചു.

You might also like

-