മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൂയിസ് ബോട്ട് അപകടം ,ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം

വിനോദ സഞ്ചാര ബോട്ടില്‍ യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ഇല്ലാതെ ഇരിക്കുന്നതും പെട്ടെന്ന് ബോട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറുന്നതുമാണ് ദൃശ്യത്തിലുള്ളത്. തുടര്‍ന്ന് ആളുകള്‍ നിലവിളിക്കുന്നതും ബോട്ടിനുള്ളിലേക്ക് വെള്ളം നിറയുന്നതും കാണാം

ജബൽപുർ |മധ്യപ്രദേശ് ജബല്‍പൂര്‍ ജില്ലയിലെ ബര്‍ഗി ഡാം റിസര്‍വോയറിലുണ്ടായ ക്രൂസ് ബോട്ടപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അപകടമുണ്ടായ സമയത്തെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കടുത്ത സുരക്ഷാ വീഴ്ചയുണ്ടായെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബോട്ടില്‍ വെള്ളം ഇരച്ചുകയറിയപ്പോൾ മാത്രമാണ് യാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയത്.

വിനോദ സഞ്ചാര ബോട്ടില്‍ യാത്രക്കാര്‍ ലൈഫ് ജാക്കറ്റ് ഇല്ലാതെ ഇരിക്കുന്നതും പെട്ടെന്ന് ബോട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചുകയറുന്നതുമാണ് ദൃശ്യത്തിലുള്ളത്. തുടര്‍ന്ന് ആളുകള്‍ നിലവിളിക്കുന്നതും ബോട്ടിനുള്ളിലേക്ക് വെള്ളം നിറയുന്നതും കാണാം. ലൈഫ് ജാക്കറ്റിനുള്ളില്‍ കെട്ടിപ്പിടിച്ച നിലയില്‍ കഴിഞ്ഞ ദിവസം യുവതിയുടെയും നാലുവയസുകാരന്‍ മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ആ അമ്മയെയും മകനെയും ദൃശ്യങ്ങളില്‍ കാണാം. ബോട്ടിന്റെ ഇടതുവശത്തായി മകനെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന അമ്മയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.അപകടമുണ്ടായതോടെ പരിഭ്രാന്തനായ ബോട്ട് ജീവനക്കാരന്‍ ലൈഫ് ജാക്കറ്റുകളുടെ വലിയ കെട്ടഴിക്കുന്നതും വീഡിയോയിലുണ്ട്. ബോട്ട് മുങ്ങാന്‍ തുടങ്ങുമ്പോഴാണിത്. പരിഭ്രാന്തരായി പായുന്ന യാത്രക്കാരില്‍ പലരും ലൈഫ് ജാക്കറ്റ് ധരിച്ചിട്ടില്ല എന്നതും ദൃശ്യങ്ങളില്‍ കാണാം. ബോട്ടില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രൂയിസ് ബോട്ട് അപകടത്തിന് പിന്നാലെ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അപകടത്തിന് കാരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നടപടി.
ബോട്ടിന്റെ ശേഷിയേക്കാൾ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് സൂചനയുണ്ട്. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായും കണ്ടെത്തി. അപകടത്തിൽപ്പെട്ട് കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുകയാണ്. അത്യാധുനിക ഡ്രോണുകളും തെർമ്മൽ ഡ്രോണുകളും അടക്കം ഉപയോഗിച്ചാണ് പരിശോധന. തിരച്ചിലിനായി പ്രാദേശിക മത്സ്യതൊഴിലാളികളും രംഗത്തുണ്ട്. വെള്ളിയാഴ്ച്ച വൈകിട്ടാണ് ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിൽ ബോട്ടുമുങ്ങി അപകടം നടന്നത്. അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്.

You might also like

-