വെള്ളാപ്പള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ക്രൈംബ്രാഞ്ച് കേസ്
അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയ കുറ്റപത്രം ഉടൻ ഹൈക്കാടതിയിൽ സമർപ്പിക്കും
തിരുവനന്തപുരം :എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിശ്വാസ വഞ്ചന, തിരിമറി അടക്കം ജാമ്യമില്ലാ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. സാമ്പത്തിക തിരിമറി നടന്നതായി തെളിഞ്ഞു. അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയ കുറ്റപത്രം ഉടൻ ഹൈക്കാടതിയിൽ സമർപ്പിക്കും.
എസ്എൻ കോളജ് ജൂബിലി ആഘോഷങ്ങൾക്കായി പിരിച്ചെടുത്ത തുകയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്ന കേസിൽ ഹൈക്കോടതി നിർദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.
കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. 1997- 98 കാലഘട്ടത്തിൽ എസ്എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത ഒരു കോടിയിൽ അധികം രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. എന്നാൽ കൂടുതൽ പലിശ ലഭിക്കുന്നതിനാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.പണം തിരിച്ചടച്ചതോടെ തിരിമറി നടന്നില്ലെന്നും വെള്ളാപ്പള്ളി ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ വാദങ്ങൾ പൂർണമായും തള്ളിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ സാമ്പത്തിക തിരിമറി നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയ ക്രൈം ബ്രാഞ്ച് വെള്ളാപ്പള്ളിക്കെതിരെ വിശ്വാസ വഞ്ചന, തിരിമറി അടക്കം ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. അന്വേഷണ സംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയ കുറ്റപത്രം ഉടൻ ഹൈക്കാടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ജൂൺ 22ന് ഹർജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കാൻ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് പഠിച്ച ശേഷം ഉടൻ തന്നെ ഹൈക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞു.