സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
പയ്യന്നൂർ സിപിഎമ്മിൽ ഒരു പ്രശ്നവുമില്ലെന്നും എല്ലാം ചർച്ച ചെയ്ത് വേണ്ട നിലപാട് സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നേരത്തെ പയ്യന്നൂരിൽ രണ്ട് കോടി ഫണ്ട് തിരിമറി ചൂണ്ടിക്കാണിച്ചതിന് സിപിഎമ്മിന്റെ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു
കണ്ണൂർ | സഹകരണ മേഖലയ്ക്ക് എതിരായ കടന്നാക്രമണമാണെന്ന് ഇപ്പോൾ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇഡി രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിക്കുകയാണെന്നും സഹകരണ മേഖല വലിയ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സഹകരണ മേഖലയിലെ പണം കൊണ്ടു പോകാനാണ് ശ്രമമെന്നും അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇപ്പോൾ നടക്കുന്നത് പ്രതിപക്ഷ പാർട്ടികൾക്ക് എതിരായ കടന്നാക്രമണമാണെന്നും സിപിഎം നേതാക്കളെ കള്ള കേസിൽ കുടുക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സഹകരണ മേഖലയെ സിപിഎം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ സിപിഎമ്മിൽ ഒരു പ്രശ്നവുമില്ലെന്നും എല്ലാം ചർച്ച ചെയ്ത് വേണ്ട നിലപാട് സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നേരത്തെ പയ്യന്നൂരിൽ രണ്ട് കോടി ഫണ്ട് തിരിമറി ചൂണ്ടിക്കാണിച്ചതിന് സിപിഎമ്മിന്റെ മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. പിന്നീട് കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള പാർട്ടി ശ്രമം വിജയിച്ചില്ലായിരുന്നു. ഏരിയ സെക്രട്ടറി സ്ഥാനം ഉൾപെടെ വാഗ്ദാനം ചെയതെങ്കിലും ഫണ്ട് തട്ടിയ എംഎൽഎ ടിഐ മധുസൂധനനെതിരെ ശക്തമായ നടപടിയില്ലാതെ പാർട്ടിയിലേക്കില്ലെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ നിലപാട്.പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനനും സംഘവും പാർട്ടിയുടെ മൂന്ന് ഫണ്ടുകളിൽ നിന്നായി രണ്ട് കോടിയിലേറെ തട്ടിയെടുത്തു എന്നായിരുന്നു ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ ജില്ലാ നേതൃത്വത്തിന് നൽകിയ പരാതി. ടിഐ മധുസൂധനനെ തരം താഴ്ത്തിയതിനോടൊപ്പം കുഞ്ഞികൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കിയ ജില്ലാ നേതൃത്വത്തിന് പക്ഷെ നിലവിൽ കൈപൊള്ളിയ അവസ്ഥയായിരുന്നു. പാർട്ടിക്ക് ഒരു രൂപയുടെ നഷ്ടമുണ്ടായിട്ടില്ലെന്നും ഫണ്ടുകളുടെ ഓഡിറ്റ് വൈകിയത് മാത്രമാണ് വീഴ്ചയെന്ന് കാട്ടി പുതിയൊരു കണക്ക് കീഴ് കമ്മറ്റികളിൽ അവതരിപ്പിച്ചാണ് നാല് മാസം മുൻപ് സിപിഎം വിവാദങ്ങളിൽ നിന്ന് തലയൂരിയത്.