തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നുമുതൽ

ദേശീയതലത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തും എന്ന പ്രതീതി സീതാറാം യെച്ചൂരി ഉൾപ്പടെ ഒരു വിഭാഗം നേതാക്കൾ സൃഷ്ടിച്ചു എന്ന വിമർശനം കേരള ഘടകം ഉന്നയിക്കും.

0

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാൻ ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനു മുന്നോടിയായി രാവിലെ പോളിറ്റ് ബ്യൂറോ ചേരും. സംസ്ഥാന ഘടകങ്ങളുടെ പ്രാഥമിക വിലയിരുത്തൽ പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. കേരളത്തിൽ ശബരിമല തിരിച്ചടിക്കിടയാക്കിയെന്നാണ് നേതൃത്വത്തിന്‍റെ അവലോകനം. ശബരിമല വിഷയം പാർട്ടിക്കെതിരെ എതിരാളികൾ ഉപയോഗിച്ചുവെന്നാണ് കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന അവലോകന റിപ്പോർട്ടിലുള്ളത്.

ദേശീയതലത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തും എന്ന പ്രതീതി സീതാറാം യെച്ചൂരി ഉൾപ്പടെ ഒരു വിഭാഗം നേതാക്കൾ സൃഷ്ടിച്ചു എന്ന വിമർശനം കേരള ഘടകം ഉന്നയിക്കും. അതേസമയം സ്വന്തം വോട്ടു ബാങ്ക് സംരക്ഷിക്കാൻ കേരളത്തിൽ പാർട്ടിക്കായില്ലെന്ന വിമർശനമാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ തിരിച്ചടി ഒഴിവാക്കാമായിരുന്നു എന്ന സംസ്ഥാനഘടകത്തിൻറെ നിലപാടിനെ ചൊല്ലി പിബിയിൽ ഭിന്നതയുണ്ട്.

കേരളത്തിൽ പാർട്ടിയുടെ വോട്ട് വിഹിതത്തിൽ ഇടിവുണ്ടായി, ബിജെപിയുടെ വളർച്ച ആശങ്കാജനകമാണ് എന്നീ രണ്ട് കാര്യങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന അവലോകനമാണ് കേന്ദ്ര നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ശബരിമല നയം മാറ്റാനാകില്ലെന്നും സിപിഎം നേതൃത്വം അവലോകന റിപ്പോർട്ടിൽ നിലപാടെടുക്കുന്നുണ്ട്. മറ്റൊരു നിലപാട് സ്വീകരിക്കാൻ സർക്കാരിന് ആകുമായിരുന്നില്ല. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ കേരളത്തിലെ പാർട്ടിക്ക് കഴിയണമെന്നും സിപിഎം നേതൃത്വം നിർദ്ദേശിക്കും.

ന്യൂനപക്ഷ വോട്ടുകൾ മാറിയും മറിഞ്ഞും ഇരുമുന്നണികൾക്കും കിട്ടിയ ചരിത്രമാണ് കേരളത്തിന്‍റേതെന്ന് എന്നാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ ചോർച്ചയുണ്ടായതിന് ശബരിമല കാരണമായിട്ടുണ്ട്. എതിരാളികളുടെ പ്രചാരണം ഫലപ്രദമായി ചെറുക്കാനായില്ല. ബിജെപിക്കായി ദേശീയ തലത്തിൽ നടന്ന പ്രചാരവേലയും തിരിച്ചടിക്കിടയാക്കിയെന്നും കേന്ദ്രകമ്മിറ്റി അവലോകന റിപ്പോർട്ട് വിലയിരുത്തുന്നു.

പശ്ചിമബംഗാളിൽ പാർട്ടി അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോർന്നത് വൻ തകർച്ചക്ക് ഇടയാക്കി. ഇക്കാര്യത്തിൽ വലിയ തിരുത്തലുകൾ വേണ്ടിവരും. എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു എന്ന സംസ്ഥാന നേതൃത്വത്തിന്‍റെ അവലോകനം പിബിയിൽ ഒരു വിഭാഗം വിയോജിക്കുകയാണ്. ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെ ആരുടേയും രാജി ഇപ്പോൾ കേന്ദ്രനേതൃത്വത്തിന് മുന്നിൽ ഇല്ലെന്നും ആരെങ്കിലും രാജിക്ക് തയ്യാറായാൽ അത് സ്വീകരിക്കുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയതിന് ശേഷം കേന്ദ്രകമ്മിറ്റി യോഗം സംസ്ഥാനഘടകങ്ങൾക്ക് തിരിച്ചടിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകും.

You might also like

-