സിറോ മലബാർ സഭാഭൂമിയിടപാടിൽ  അഴിമതിയില്ലെന്ന് കാണിച്ച് കെ.സി.ബി.സി ഇറക്കിയ സര്‍ക്കുലര്‍ പിൻവലിച്ചു.

കെ.സി.ബി.സിയുടെ വര്‍ഷകാല സമ്മേളനത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരോക്ഷ പിന്തുണ നല്‍കിയിരുന്നു.

0

സിറോ മലബാർ സഭാഭൂമിയിടപാടിൽ  അഴിമതിയില്ലെന്ന് കാണിച്ച് കെ.സി.ബി.സി ഇറക്കിയ സര്‍ക്കുലര്‍ അങ്കമാലി – എറണാകുളം അതിരൂപതയുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചു. കര്‍ദിനാളിനെതിരെ വ്യാജ രേഖകളിലെ കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും എന്നാൽ ഭൂമിയിടപാട് ആരോപണത്തിൽ അടിസ്ഥാനമില്ലെന്നുമായിരുന്നു സിനഡിന് ശേഷം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.

കെ.സി.ബി.സിയുടെ വര്‍ഷകാല സമ്മേളനത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരോക്ഷ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ എ.എം.ടി ഉള്‍പ്പെടെയുള്ള വിവിധ ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയതോടെയാണ് അങ്കമാലി – എറണാകുളം അതിരൂപതയും രംഗത്തത്ത് വന്നത്.

എറണാകുളം – അങ്കമാലി അതിരൂപയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങളും ആരോപണങ്ങളും സഭക്കുള്ളില്‍ തന്നെ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ ഭൂമി ഇടപാടില്‍ അഴിമതി ഉണ്ടായിട്ടില്ലെന്ന് പറയുന്ന കെ.സി.ബി.സി വ്യാജരേഖ വിവാദത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ രേഖകളുടെ ഉള്ളടക്കം സത്യവിരുദ്ധമാണെന്നും കെ.സി.ബി.സി വിലയിരുത്തുന്നു. ആര്‍ച്ച് ബിഷപ്പ് എം സൂസെപാക്യം പുറത്തിറക്കിയ സര്‍ക്കുലര്‍ ജൂണ്‍ 9നാണ് സിറോ മലബാര്‍‍, ലത്തീന്‍, മലങ്കര കാത്തോലിക സഭകളിലെ ദേവാലയങ്ങളില്‍ വായിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

എന്നാല്‍ സർക്കുലർ വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും വത്തിക്കാൻ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കെ.സി.ബി.സി.ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് എ.എം.ടിയുടെ വാദം. അതിനിടെ കര്‍ദിനാള്‍ അനുകൂല സംഘടനയായ ഇന്ത്യന്‍ കാത്തലിക് ഫോറം സര്‍ക്കുലറിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

You might also like

-