കോവിഡ് വാക്സിൻ ഈ വർഷം, വാക്സിൻ പോർട്ടൽ അടുത്താഴ്ച പ്രവർത്തനക്ഷമമാകുമെന്ന് ഐ.സി.എം.ആർ
രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്താഴ്ച പ്രവർത്തനക്ഷമമാകുമെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി
ഡൽഹി :രാജ്യത്ത് 3 വാക്സിനുകളുടെയും പരീക്ഷണം തടസമില്ലാതെ പുരോഗമിക്കുന്നതിനാല്‍ ഈ വർഷം വാക്സിന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആദ്യ വാക്സിൻ പോർട്ടൽ അടുത്താഴ്ച പ്രവർത്തനക്ഷമമാകുമെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. രാജ്യത്തെ വാക്സിൻ ഗവേഷണ രംഗത്തെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
അതേസമയം രാജ്യത്ത് കോവിഡ് ബാധിതർ മുപ്പത് ലക്ഷം കടന്നു. മരണം 57000ത്തോട് അടുത്തു. രാജ്യത്ത് 16 ദിവസം കൊണ്ടാണ് 10 ലക്ഷം പുതിയ കോവിഡ് ബാധിതരുണ്ടായത്. സംസ്ഥാനങ്ങളുടെ കണക്കുപ്രകാരം 30.37 ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ രോഗബാധിതർ. അതേസമയം രോഗമുക്തി നിരക്കില്‍ വളരെ മുന്നിലാണ് രാജ്യം. 74.69 ശതമാനമാണ് രോഗമുക്തി നിരക്ക്. ചികിത്സയിലുള്ളവർ 7 ലക്ഷത്തിന് താഴെയാണ്. 1.87 ശതമാനമാണ് മരണനിരക്ക്. എന്നാൽ മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും രോഗബാധ രൂക്ഷമാണ്. മഹാരാഷ്ട്രയിൽ 14,492 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു.