കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ ഡിസ്ചാര്‍ജ്ജ്ന് മുൻപ് ആന്റിജന്‍ ടെസ്റ്റ് നടത്തും

ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പൊസിറ്റീവ് റിസള്‍ട്ടിന് 10 ദിവസത്തിന് ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്തും. ഇതില്‍ നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാം.

0

തിരുവനന്തപുരം: കൊവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്.സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഡിസ്ചാര്‍ജ്ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പൊസിറ്റീവ് റിസള്‍ട്ടിന് 10 ദിവസത്തിന് ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്തും. ഇതില്‍ നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാം. ഇതിന് ശേഷം ഏഴ് ദിവസം സമ്പര്‍ക്ക വിലക്ക് പാലിക്കണം. പൊതുസ്ഥലങ്ങളില്‍ പോകുകയോ ആളുകളുമായി ഇടപെടുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി. നേരത്തെ ഡിസ്ചാര്‍ജ്ജിന് ആര്‍ടി പിസിആര്‍ പരിശോധനയാണ് നടത്തിയിരുന്നത്. അത് ഒഴിവാക്കി.
അതേസമയം, നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. കേരളത്തിലെത്തുന്ന എല്ലാ അതിഥി തൊഴിലാളികളും മടങ്ങിയെത്തുന്ന ദിവസം മുതല്‍ 14 ദിവസം കര്‍ശനമായും നിരീക്ഷണത്തില്‍ കഴിയണം.

സ്വയം തിരികെയെത്തുന്ന അതിഥി തൊഴിലാളികളാണെങ്കില്‍ ദിശ നമ്പറില്‍ ബന്ധപ്പെടണം. ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി പോസിറ്റീവ് ആകുന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലെക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും. ഇവരില്‍ പലരും കൊവിഡ് രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരായതിനാലാണ് പുതിയ തീരുമാനം.

അതിഥി തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജന്റോ തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെയും, തൊഴില്‍, ഫിഷറീസ് വകുപ്പുകളെയും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കേണ്ടതാണ്. വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

You might also like

-