സംസ്ഥാനത്ത് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,പുതിയ ഹോട് സ്പോട്ടുകൾ
കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേരും മലപ്പുറത്ത് മൂന്നു പേരും പത്തനതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും ഇന്ന് വൈറസ് ബാധിതരായി.
തിരുവനന്തപുരം :സംസ്ഥാനത്ത് 12 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. ഇന്ന് പോസിറ്റീവായ എല്ലാവരും വിദേശത്തുനിന്ന് വന്നവരാണ്. കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേരും മലപ്പുറത്ത് മൂന്നു പേരും പത്തനതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവും ഇന്ന് വൈറസ് ബാധിതരായി. ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന് വന്ന 6 പേര്‍ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് ഓരോ ആളുകൾ വീതം വന്നു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 642 ആയി. 142 പേര്‍ ചികിൽസയിലുണ്ട്. 72,000 പേർ നിരീക്ഷണത്തിലുണ്ട്. 71,545 പേർ വീടുകളിലും 455 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 119 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 46,958 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 45,527 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.ആകെ 33 ഹോട്സ്പോട്ടുകൾ ഉണ്ട്. പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ, കോട്ടയം കോരുത്തോട് പഞ്ചായത്തുകൾ എന്നിവയാണ് പുതിയ ഹോട്സ്പോട്.ബ്രേക്ക് ദ ചെയിന്‍, ക്വാറന്റീന്‍, റിവേഴ്‌സ് ക്വാറന്റീന്‍ എന്നിവയെല്ലാം കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ട്. ഇതിന്റെ സൂചനയാണ് ഇന്നത്തെ റിസള്‍ട്ട് തരുന്നത്.
സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. റാൻഡം ടെസ്റ്റും സെന്റിനൽ സർവൈലൻസ് ഫലങ്ങളും ഇതിനു തെളിവാണ്. എന്നാൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗസാധ്യതയുള്ള മുൻഗണനാ വിഭാഗത്തിലുള്ളവരെ ടെസ്റ്റ് ചെയ്യുന്നത് രോഗവ്യാപനം എത്രത്തോളം സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് മനസിലാക്കാനാണ്. മുൻഗണനാ വിഭാഗത്തിൽ 5630 സാംപിൾ ശേഖരിച്ചു. 4 പേർക്കാണ് രോഗമുണ്ടെന്ന് കണ്ടത്. സമൂഹവ്യാപനം കേരളത്തിൽ ഉണ്ടായില്ലെന്നാണ് ഇത് കാണിക്കുന്നത്. 74,426 പേർ കര, വ്യോമ, നാവിക മാർഗങ്ങളിൽ കോവിഡ് പാസുമായി എത്തി. 44,712പേർ റെഡ് സോൺ ജില്ലകളിൽനിന്നാണ് വന്നത്. 63,239 പേർ റോഡ് വഴി എത്തി. വിമാന മാർഗം എത്തിയ 53 പേർക്കും കപ്പൽവഴി എത്തിയ 6 പേർക്കും റോഡ് വഴിയെത്തിയ 46 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
അനാവശ്യമായ തിക്കും തിരക്കും അപകടം ക്ഷണിച്ചു വരുത്തും. സംസ്ഥാനത്തെത്തുന്ന എല്ലാവരുടെയും വിവരങ്ങൾ സൂക്ഷിക്കണം. വാഹനങ്ങളിൽ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ഗുണം ചെയ്യില്ല. ചലനാത്മകത നല്ലതാണ്. കാര്യങ്ങൾ അയഞ്ഞുപോകാൻ പാടില്ല. തുറന്ന മനസോടെ അർപ്പണ ബോധത്തോടെ എല്ലാവരും പ്രവർത്തിക്കണം. ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും മാസ്കുകളും മറ്റും ആവശ്യത്ത് ലഭ്യമാക്കും. മരുന്നു ക്ഷാമം പരിഹരിക്കും. തട്ടുകടകൾ ഭക്ഷണം പാഴ്സൽ മാത്രമേ നൽകാവൂ. കടയിലിരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്.