സമ്പർക്കരോഗപകർച്ചയും, ഉറവിടമാറിയാത്ത രോഗബാധയും കേരളം സമൂഹവ്യാപനത്തിലേക്കോ ?

മത്സ്യതൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചെല്ലാനം ഹാര്‍ബര്‍‌ അടച്ചുപൂട്ടുകയും ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റുകയും ചെയ്തിരുന്നു. 17,18 വാര്‍ഡുകളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്

0

തിരുവനന്തപുരം : ഉറവിടമറിയാത്ത രണ്ട് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തലസ്ഥാനം ആശങ്കയില്‍. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ സെക്രട്ടറിയേറ്റിന് പുറത്തെ സുരക്ഷാ ജീവനക്കാരനുമുണ്ട്. തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പുതുതായി കോവിഡ് സ്ഥിരീകരിച്ച 17 പേരില്‍ രണ്ട് പേര്‍ക്ക് രോഗമെവിടെ നിന്നുവന്നു എന്ന് വ്യക്തമല്ല. എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂൺ 23ന് ആനയറയിലുമായി ഇദ്ദേഹം ജോലി ചെയ്തിരുന്നു. പാറശ്ശാലയില്‍ രോഗം സ്ഥിരീകരിച്ച യുവതിക്കും യാത്രാ പശ്ചാത്തലമില്ല. പൂന്തുറയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ ബന്ധുവിനും രോഗബാധ കണ്ടെത്തി.

ഒരു കുടുംബത്തിലെ 16 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ കായംകുളത്ത് ആശങ്ക വർധിക്കുന്നു. പ്രദേശം സമൂഹ വ്യാപനത്തിന്‍റെ വക്കിലാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് ജില്ലാഭരണകൂടം.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിൽ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സംശയിച്ച് ഈ കുടുംബത്തിലെ 29 പേരുടെ ശ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. രോഗം സ്ഥിരീകരിച്ചവരിൽ എട്ടും, ഒമ്പതും മാസം പ്രായമായ കുഞ്ഞുങ്ങളും 54 വയസുകാരനും ഉൾപ്പെടുന്നു.

പൊതുമരാമത്ത് ആലപ്പുഴ റോഡ് വിഭാഗം ഓഫീസിലെ ജീവനക്കാരിയും കുടുംബത്തിലെ രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല. ആറാട്ടുപുഴ സ്വദേശിനിയായ ഗർഭിണിക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 21 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 202 ആയി. കായംകുളത്ത് സാമൂഹ്യ വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാൻ നഗരസഭാ പരിധിയിൽ പരിശോധനയുടെ എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

മത്സ്യതൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചെല്ലാനം ഹാര്‍ബര്‍‌ അടച്ചുപൂട്ടുകയും ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റുകയും ചെയ്തിരുന്നു. 17,18 വാര്‍ഡുകളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ചെല്ലാനത്തെ രോഗി ചികിത്സ തേടിയ കോര്‍ട്ടീസ് ആശുപത്രി അടച്ചുപൂട്ടുകയും ജില്ലാ ആശുപത്രിയിലെ 72 ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാംലെയര്‍‌ ജീവനക്കാരെ ആശുപത്രിയില്‍‌ ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ചെല്ലാനത്തെ ഉറവിടം സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍‌ദേശം നല്‍കിയിട്ടുണ്ട്.

11 പേര്‍ക്കാണ് മാര്‍ക്കറ്റിലെ രോഗിയുമായുള്ള സമ്പര്‍ക്കത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 132 പേരുടെ സാമ്പിള്‍ ശേഖരിച്ചതില്‍ ലഭിച്ച 9 റിസല്‍റ്റും നെഗറ്റീവാണ് എന്നത് ആശ്വാസം നല്‍കുന്നുണ്ട്. എറണാകുളം ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് 183 പേരാണ് ചികിത്സയിൽ കഴിയുന്നത്.

You might also like

-