പ്രസവിച്ചയുടന്‍ കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന മാതാപിതാക്കള്‍ അറസ്റ്റില്‍
മാതാവും പിതാവും ചേര്‍ന്ന് കുഞ്ഞിന്റെ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കിയിരുന്നു എന്നാണു പൊലീസ് പറഞ്ഞത്.
കാലിഫോര്‍ണിയ: പ്രസവിച്ചു വീണ കുഞ്ഞിനെ ആശുപത്രി മുറിയില്‍ വച്ചു തന്നെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. അറസ്റ്റിലായ ദമ്പതികളെ ജയിലിലടച്ചതായി ഓക്‌ലാന്‍ഡ് പൊലീസ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു.
ഡേവിഡ് വില്ല (21), ആന്‍ഡ്രിയ (20) എന്നിവര്‍ക്കു വെള്ളിയാഴ്ചയാണ് സെന്റ്. ജോണ്‍ മെഡിക്കല്‍ സെന്ററില്‍ ഒരു ആണ്‍കുഞ്ഞ് പിറന്നത്. രാവിലെ എട്ടുമണിയോടെ ലഭിച്ച വിവരം അനുസരിച്ചു പൊലീസ് എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെയാണു കാണാന്‍ കഴിഞ്ഞത്. മാതാവും പിതാവും ചേര്‍ന്ന് കുഞ്ഞിന്റെ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കിയിരുന്നു എന്നാണു പൊലീസ് പറഞ്ഞത്.
ആശുപത്രി ജീവനക്കാര്‍ കുട്ടിക്കു സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു. മാതാപിതാക്കളോടു ചോദിച്ചപ്പോള്‍ കുട്ടിയെ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്നാണ് ഇരുവരും പൊലീസിനോടും പറ?ഞ്ഞത്. ഇവര്‍ക്ക് പത്തു ലക്ഷം ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
കുട്ടികളെ വേണ്ട എന്നു മാതാപിതാക്കള്‍ തീരുമാനിക്കുകയാണെങ്കില്‍ കലിഫോര്‍ണിയ നിയമമനുസരിച്ച് ഫയര്‍ സ്റ്റേഷനിലോ പൊലീസിലോ ഹോസ്പിറ്റലുകളിലോ കുട്ടികളെ ഏല്‍പിക്കുന്നത് കുറ്റകരമല്ല. 2017 വരെ 900 നവജാത ശിശുക്കളെയാണ് ഇങ്ങനെ ലഭിച്ചതെന്ന് ഡിപാര്‍ട്‌മെന്റ് ഓഫ് സോഷ്യല്‍ സര്‍വീസസ് അധികൃതര്‍ പറഞ്ഞു.