കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതി.
ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മലയാളികളുടേതുള്‍പ്പെടെ അറുപതിലേറെ പേരുടെ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണ്
സൌദിയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച മലയാളി നഴ്സിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ആശുപത്രിയില്‍ ജോലി ചെയ്യുന്ന മറ്റു മലയാളികളുടേതുള്‍പ്പെടെ അറുപതിലേറെ പേരുടെ പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണ്. സൌദിയില്‍ ഒട്ടകത്തില്‍ നിന്നാണ് വൈറസ് പടരുന്നത്. ചൈനയില്‍ പടരുന്ന വുഹാന്‍ കൊറോണ വൈറസുമായി ഇതിന് ബന്ധമില്ല.
2012 മുതല്‍ സൗദിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഒട്ടകത്തില്‍ നിന്നാണ് വൈറസ് പടരുന്നതെന്ന് കണ്ടെത്തിയിരുന്നു. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം കൊറോണ എന്നാണ് വൈറസിന്റെ മുഴുവന്‍ പേര്. ഇതാണ് സൗദിയിലെ അബഹയില്‍ മലയാളി, ഫിലിപ്പൈന്‍ നഴ്സുമാര്‍ക്ക് ബാധിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിന്റെ നില തൃപ്തികരമാണ്. ഇവരോടൊപ്പം ഹോസ്റ്റലില്‍ കഴിഞ്ഞവരും, ജോലി ചെയ്തവരുമടക്കം സംശയമുള്ള എണ്‍പതോളം പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. ഫലം ലഭിച്ച അമ്പതിലേറെ പേര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു.