കോപ്പിയടി ആരോപണത്തേത്തുടർന്ന് അഞ്ജു ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ്
പരീക്ഷാ ക്രമക്കേട് കണ്ടെത്തിയാൽ വിദ്യാർത്ഥിയെ പരീക്ഷാ ഹാളിൽ നിന്ന് നീക്കണമെന്നാണ് ചട്ടം. സമയക്രമവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങൾ പിന്നെ ബാധകമായിരിക്കില്ല. ഇത് മറികടന്നാണ് വിദ്യാർത്ഥിനിയെ പരീക്ഷാ ഹോളിൽ തന്നെ മുക്കാൽമണിക്കൂർ കൂടി ഇരുത്തിയത്
കോട്ടയം :കോപ്പിയടി ആരോപണത്തേത്തുടർന്ന് അഞ്ജു എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിന് വീഴ്ച പറ്റിയതായി സർവ്വകലാശാല സിൻഡിക്കേറ്റ് സമിതിയുടെ പ്രാഥമിക കണ്ടെത്തൽ. കോപ്പിയടി ആരോപിക്കപ്പെട്ട ശേഷവും മുക്കാൽമണിക്കൂർ പരീക്ഷാ ഹാളിൽ തന്നെ ഇരുത്തിയത് ചട്ടലംഘനമാണെന്ന് സമിതി പറയുന്നു.പരീക്ഷാ ക്രമക്കേട് കണ്ടെത്തിയാൽ വിദ്യാർത്ഥിയെ പരീക്ഷാ ഹാളിൽ നിന്ന് നീക്കണമെന്നാണ് ചട്ടം. സമയക്രമവുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങൾ പിന്നെ ബാധകമായിരിക്കില്ല. ഇത് മറികടന്നാണ് വിദ്യാർത്ഥിനിയെ പരീക്ഷാ ഹോളിൽ തന്നെ മുക്കാൽമണിക്കൂർ കൂടി ഇരുത്തിയത്. കോപ്പിയടി പിടിച്ചാൽ വിദ്യാർത്ഥിയിൽ നിന്ന് വിശദീകരണം എഴുതിവാങ്ങണമെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ലെന്ന് സമിതി കണ്ടെത്തി.
വിദ്യാർത്ഥിനി കോപ്പിയടിച്ചോയെന്നതിൽ തീരുമാനം പിന്നീട് അറിയിക്കും. കയ്യക്ഷരം കുട്ടിയുടേതാണോയെന്ന് വിലയിരുത്തേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു. പ്രിൻസിപ്പൽ കുട്ടിയോട് പ്രകോപനപരമായി സംസാരിച്ചോയെന്നറിയാൻ പരീഷാ ഹാളിലുണ്ടായിരുന്ന കുട്ടികളുടെ മൊഴി എടുക്കുമെന്നും സമിതി അറിയിച്ചു.