സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമാകാതെ തമ്മിലടി രൂക്ഷമാക്കി കോൺഗ്രസ്സ്
ഗ്രൂപ്പ്-ജാതി സമവാക്യങ്ങള്‍ പ്രകാരം മാത്രമേ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താവൂ എന്ന് മുതിര്‍ന്ന നേതാക്കളടക്കം കെപിസിസി പ്രസിഡന്റിനെ യോഗത്തിന് മുന്‍പ് നേരിട്ടറിയിച്ചു
തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പിൽ നാല് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനിക്കുന്നതിന് ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗവും അലങ്കോലമായി.കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ്-ജാതി സമവാക്യങ്ങള്‍ പ്രകാരം മാത്രമേ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താവൂ എന്ന് മുതിര്‍ന്ന നേതാക്കളടക്കം കെപിസിസി പ്രസിഡന്റിനെ യോഗത്തിന് മുന്‍പ് നേരിട്ടറിയിച്ചു. ഇതിനുപിന്നാലെ ഇക്കാര്യങ്ങള്‍ പരിഗണിക്കരുതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നേതൃത്വത്തിലുള്ള നേതാക്കളും ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിന്റെ ഓഫീസ് ഗ്രൂപ്പ് നേതാക്കളുടെ താവളമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതോടെ തര്‍ക്കം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലേക്ക് മാറി.
വട്ടിയൂര്‍ക്കാവ്, കോന്നി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദവും ഇതിനിടെ ആളിക്കത്തി. വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പും കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാര്‍ഥികളാകണമെന്ന ആവശ്യത്തില്‍ ചേരിതിരിഞ്ഞുള്ള വാക്‌പോരാണ് ഇന്നലെ നടന്നത്. കെപിസിസി എക്‌സിക്യുട്ടീവ് അംഗം ശാസ്തമംഗലം മോഹനന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇവരെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പെടാപ്പാടുപെട്ടു. കുറഞ്ഞപക്ഷം സ്വഭാവദൂഷ്യമില്ലാത്തയാളെയെങ്കിലും വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തണമെന്ന് അവര്‍ നേതാക്കളെ അറിയിച്ചു.
സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ആരും പരസ്യമായി പ്രതികരിക്കരുതെന്നും മുല്ലപ്പള്ളി യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ചുമതലപ്പെടുത്തി യോഗം പിരിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന് നേതാക്കള്‍ പറയുന്നു. കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിയും ഡിസിസിയും തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്ക് നീങ്ങുകയും ചെയ്തു. അതിനിടെ മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ഥിയായി എം സി കമറുദ്ദീനെ തീരുമാനിച്ചു.
എന്‍ഡിഎയിലും സ്ഥിതി വ്യത്യസ്തമല്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ഇന്ന് വീണ്ടും സംസ്ഥാനസമിതി വിളിച്ചിരിക്കുകയാണ്. നാലിടത്തും നേതാക്കള്‍ മത്സരിക്കാന്‍ വിമുഖത കാട്ടുകയാണ്. ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ച് വിജയപ്രതീക്ഷയോടെയെത്തി ലോക്‌സഭയില്‍ മത്സരിച്ച കുമ്മനത്തെയാണ് വട്ടിയൂര്‍ക്കാവില്‍ പരിഗണിച്ചതെങ്കിലും അദ്ദേഹം മത്സരിക്കില്ലെന്ന മനസ് മാറ്റിയിട്ടില്ല. അടൂരില്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥി കെ സുരേന്ദ്രനും മത്സരത്തിനില്ലെന്ന നിലപാടിലാണ്. അരൂര്‍ ബിഡിജെഎസിന് നല്‍കിയെങ്കിലും അവരും വിമുഖത കാട്ടിയിരിക്കുകയാണ്. പാലാ ഉപതെരെഞ്ഞടുപ്പില്‍ വോട്ടുവിറ്റുവെന്ന ആക്ഷേപം മൂന്ന് ഗ്രൂപ്പുകളും ആയുധമാക്കുമെന്നതും ചില നേതാക്കള്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതിന് കാരണമായിട്ടുണ്ട്