രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് പ്രതിക്ഷേധ റാലി
സിവിൽ സ്റ്റേഷൻ പരിസരത്തെ എംപി ഓഫീസിൽ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി
കൽപ്പറ്റ | രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ കോൺഗ്രസ് പ്രതിക്ഷേധ റാലി നടത്തി കെസി വേണുഗോപാൽ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ആയിരത്തോളം പേരെ അണിനിരത്തിയാണ് റാലി. സിവിൽ സ്റ്റേഷൻ പരിസരത്തെ എംപി ഓഫീസിൽ നിന്നും ആരംഭിച്ച റാലി പിണങ്ങോട് വരെ നീണ്ടു. റാലിക്കിടെ പലയിടത്ത് വെച്ചും കോൺഗ്രസ് മുസ്ലിം ലീഗ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
ഒരു ഘട്ടത്തിൽ പൊലീസിനെ കൈയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടന്നു. കൽപ്പറ്റ ജംഗ്ഷൻ പരിസരത്ത് വെച്ചും പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഷാഫി പറമ്പിൽ എം എൽഎ അടക്കമുള്ള നേതാക്കൾ ഉടൻ സ്ഥലത്ത് എത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിപിഎം, കോൺഗ്രസ് ഓഫീസ് പരിസരമുൾപ്പെടെ ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്.