ആർ എസ് എസ് അജണ്ടയ്‌ക്കൊപ്പമാണ് കോൺഗ്രസ് പിണറായി വിജയൻ
വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിന് സംസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ നേതൃത്വം നൽകുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. പി എം ശ്രീ പദ്ധതിയെ അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരെ കാവിവൽക്കരണത്തിന് ഒത്താശ ചെയ്യുകയാണ്
തൃശൂർ| കേരള സർക്കാരിനും യു ഡി എഫിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. എ ഐ സി സി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചതടക്കം ചൂണ്ടിക്കാട്ടിയ പിണറായി, ആർ എസ് എസ് അജണ്ടയ്‌ക്കൊപ്പമാണ് കോൺഗ്രസ് എന്നതിന്‍റെ വ്യക്തമായ തെളിവാണിതെന്ന് ആരോപിച്ചു. ദേശീയ ഗീതവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോൺഗ്രസ് കൈക്കൊള്ളുന്ന നിലപാടുകൾ അവരുടെ പ്രീണന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരള സർക്കാരും മുഖ്യമന്ത്രിയും ഗവർണറുടെ നടപടികളെ ചോദ്യം ചെയ്യാത്തതിലും ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പിണറായി വിമർശനം അഴിച്ചുവിട്ടു.
വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിന് സംസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ നേതൃത്വം നൽകുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. പി എം ശ്രീ പദ്ധതിയെ അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരെ കാവിവൽക്കരണത്തിന് ഒത്താശ ചെയ്യുകയാണ്. കാലടി സർവകലാശാലയിലെ പ്രതീകാത്മക പ്രതിഷേധത്തിന്റെയടക്കം പേരിൽ ഗവർണർ, ഡി ജി പിയെയും പിന്നീട് പി എസ് സി സെക്രട്ടറിയെയും വിളിച്ചുവരുത്തിയത് ചൂണ്ടിക്കാണിച്ച്, സംസ്ഥാനത്ത് ഒരു സർക്കാരുണ്ടോ എന്ന് പിണറായി ചോദിച്ചു. ഭരണഘടനാപരമായ പരിധികൾ ലംഘിച്ച് ഗവർണറെ ഉപയോഗിച്ച് കേരളത്തിൽ ആർ എസ് എസ് ഭരണം നടത്താനുള്ള നീക്കങ്ങൾക്കെതിരെ യുവജനത ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വഖഫ് നിയമവുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ച കാര്യം പരാമർശിച്ച പിണറായി, അമുസ്ലിങ്ങളെ ഒഴിവാക്കി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാനുള്ള നീക്കത്തെയും വിമർശിച്ചു. ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് യു ഡി എഫ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നതായും പിണറായി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പിന്നീട് നിലപാട് മാറ്റിയ സർക്കാർ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ കോടതിയിൽ ശക്തമായ എതിർപ്പ് അറിയിക്കുകയാണ് വേണ്ടതെന്നും അതിന് തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.